പൊന്നാനി മണ്ഡലത്തിലെ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി പൊതുവിദ്യാഭ്യാസ യജ്ഞത്തിൻ്റെ ഭാഗമായി പൊന്നാനി മണ്ഡലംതല റിവ്യൂ യോഗം പി.നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മണ്ഡലത്തിൻ്റെ വിവിധയിടങ്ങളില്‍ നിര്‍മാണം പ്രവൃത്തികള്‍ നടക്കുന്ന സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാലതാമസമില്ലാതെ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ ധാരണയായി. പദ്ധതി കാലാവധിക്കകം പൂര്‍ത്തീകരിക്കാത്തവ തടസങ്ങള്‍ എന്തെന്ന് കണ്ടെത്തി അവ പരിഹരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ മുന്‍കൈ എടുക്കണമെന്നും പി.നന്ദകുമാര്‍ എം.എല്‍.എ നിര്‍ദേശം നല്കി.സ്കൂള്‍ കെട്ടിട നിര്‍മാണത്തില്‍ വ്യത്യസ്ത ടെന്‍ഡറുകള്‍ എടുക്കുന്ന നിലപാട് അവസാനിപ്പിച്ച് ഏകീകൃത ടെന്‍ഡര്‍ സംവിധാനം നടപ്പാക്കാനും യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി പൊന്നാനി മണ്ഡലം തല റിവ്യൂ യോഗം എല്ലാ മാസവും ചേര്‍ന്ന് നിര്‍മാണ പുരോഗതി വിലയിരുത്താനും തീരുമാനമായി. യോഗത്തില്‍ പൊതുവിദ്യഭ്യാസ ജില്ലാ കോര്‍ഡിനേറ്റര്‍ മണി മാഷ്, പൊന്നാനി എ.ഇ.ഒ ഷോജ, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍, ഹൈസ്കൂള്‍ പ്രധാന അധ്യപകര്‍, എല്‍.പി സ്കൂള്‍ പ്രധാന അധ്യാപകര്‍, പി.ഡബ്യു.ഡി ഉദ്യോഗസ്ഥര്‍, വിവിധ നിര്‍മാണ ഏജന്‍സി പ്രതിനിധികള്‍, പി.ടി.എ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു