തിരൂരില്‍ മൂന്ന് ദിനങ്ങളിലായി നടക്കുന്ന ഉപജില്ലാ ശാസ്ത്രോത്സവം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏറെ വിദ്യാഭ്യാസം നേടിയവര്‍ പോലും ലഹരി ഉത്പന്നങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും പിന്നാലെ പോകുന്ന പ്രവണതയ്ക്ക് തടയിടാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് എം.എല്‍.എ പറഞ്ഞു. തിരൂര്‍ ഫാത്തിമ മാതാ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് ശാസ്ത്ര-ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തി പരിചയ- ഐ.ടി. ‘ശാസ്ത്രോത്സവം 2022’ ന് ഇത്തവണ വേദിയാകുന്നത്. തിരൂര്‍ ഉപജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ നാലായിരത്തില്‍പരം പ്രതിഭാശാലികള്‍ മേളയില്‍ പങ്കെടുക്കും.
പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. യു. സൈനുദ്ധീന്‍ അധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. സുനിജ വിഷയാവതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി കുഞ്ഞുട്ടി, നൗഷാദ് നെല്ലാഞ്ചേരി, തിരൂര്‍ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. എസ്.ഗിരീഷ്, കൗണ്‍സിലര്‍മാരായ അനിത കല്ലേരി, വി. നന്ദന്‍, നിര്‍മ്മല കുട്ടികൃഷ്ണന്‍, ഫാത്തിമ മാതാ സ്‌കൂള്‍ പ്രതിനിധികള്‍, മറ്റ് സാസ്‌കാരിക-പൊതുരംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.