പൊന്നാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിൻ്റെ പ്രവര്‍ത്തന മികവിനാവശ്യമായ കാര്യങ്ങള്‍ അറിയുന്നതിനായി ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു എത്തി. ഐ.സി.എസ്.ആറിലെ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിനായാണ് തൃശൂര്‍ കേരളവര്‍മ്മ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായ ആര്‍.ബിന്ദു അധ്യാപികയുടെ വേഷത്തില്‍ സെന്‍ററിലെത്തിയത്. അന്‍പത് ശതമാനം മുസ്ലിം സംവരണത്തോടെ ഏറെ പ്രതീക്ഷയോടെയാണ് സ്ഥാപനം ആരംഭിച്ചതെന്നും മലപ്പുറത്ത് നിന്ന് നിരവധി വിദ്യാര്‍ഥികള്‍ ഐ.എ.എസ് എന്ന സ്വപ്നവുമായി സെന്‍ററിലെത്തണമെന്നും മന്ത്രി പറഞ്ഞു. സെന്‍ററില്‍ അഞ്ച് പേരെങ്കിലും ഐ.എ.എസ് നേടണമെന്നതാണ് സര്‍ക്കാറിൻ്റെ ലക്ഷ്യം. ഇതിനായി കഠിനാധ്വാനം ചെയ്ത് മുന്നേറാന്‍ പഠിതാക്കള്‍ തയ്യാറാകണം. പരന്ന വായനയും വരികള്‍ക്കപ്പുറത്തുള്ള അറിവും മത്സര പരീക്ഷകള്‍ക്ക് അനിവാര്യമാണ്. സിവില്‍ സര്‍വീസ് എന്നത് സാമ്പത്തികമായ ഭദ്രതയെന്ന ലക്ഷ്യത്തിനാകരുതെന്നും ജനകീയ ഇടപെടല്‍ മൂലം ലഭിക്കുന്ന ആത്മസംതൃപ്തിയായിരിക്കണമെന്നും മന്ത്രി വിദ്യാര്‍ഥികളെ ഓര്‍മ്മിപ്പിച്ചു.
സെന്‍ററിൻ്റെ പുരോഗതിക്കായി സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ അഭാവമുണ്ടെന്നും കമ്പ്യൂട്ടര്‍ ലാബിന്റെ അസൗകര്യം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ലാബിൻ്റെ അസൗകര്യങ്ങള്‍ പരിഹരിക്കുന്നതിനായി എം.എല്‍.എ ഫണ്ടില്‍ നിന്ന് 10 കമ്പ്യൂട്ടര്‍ അടുത്തമാസം തന്നെ അനുവദിക്കുമെന്ന് പി.നന്ദകുമാര്‍ എം.എല്‍.എ ഉറപ്പ് നല്‍കി. ഐ.സി.എസ്.ആര്‍ കോര്‍ഡിനേറ്റര്‍ കെ.ഇമ്പിച്ചിക്കോയ, അധ്യാപകര്‍, സെന്‍ററിലെ മറ്റ് ജീവനക്കാരും വിദ്യാര്‍ഥികളോടൊപ്പം ഉണ്ടായിരുന്നു.