പതിവ് തെറ്റിയില്ല ഇത്തവണയും ഞാറ്റ് പാട്ടിൻ്റെ അകമ്പടിയോടെ വെള്ളേരി ചാലി പാടത്ത് ഞാറു നട്ട് സുല്ലമുസ്സലാം ഓറിയന്‍റൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. തുടർച്ചയായ ആറാം തവണയാണ് ചാലിപാടത്ത് ഞാറ് നടാൻ അരീക്കോട് സുല്ലമുസലാം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെത്തിയത്. അതിരാവിലെ പാടത്തെ ചേറിൽ ഞാറ്റ് പാട്ടിൻ്റെ അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിൽ ജനപ്രതിനിധികളും സ്കൂൾ അധികൃതരും വിദ്യാർഥികളും ഉദ്യോഗസ്ഥരും നാട്ടുകാരും ഒത്ത് ചേർന്ന് അവിൽ പാടത്തിനുള്ള ഞാറുകൾ നട്ടു. സ്കൂളിലെ എൻ.എസ്. യൂണിറ്റിൻ്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇതോടൊപ്പം പുതുതലമുറയിൽ വിദ്യാർഥികളിൽ കാർഷിക സംസ്കാരം വളർത്താനും പരിസ്ഥിതി സംരക്ഷണാവബോധം വളർത്താനും ലക്ഷ്യമിട്ട് സംസ്ഥാനതലത്തിൽ നാഷണൽ സർവീസ് സ്കീം നടത്തുന്ന ‘ഹരിതം’ പദ്ധതിയുടെ മലപ്പുറം ഈസ്റ്റ് ജില്ലാതല ഉദ്ഘാടനവും നടന്നു. ഞാറു നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റെ ടി കെ ടി അബ്ദുഹാജി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബ്റഹ്മാൻ അധ്യക്ഷനായി. ചടങ്ങിൽ സ്കൂളിൻ്റെ സമ്പൂർണ്ണ കാർഷിക പ്രൊജക്റ്റായ ‘കതിർ’ ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ സി.പി സൈബുന്നിസക്ക് കൈമാറി. ഹരിത കേരള മിഷൻ, കൃഷി വകുപ്പ് എന്നിവയുമായി ചേർന്ന് നടത്തുന്ന വിവിധ കാർഷിക പദ്ധതികളാണ് ഹരിതം പദ്ധതിയിൽ നടപ്പാക്കുന്നത്.പച്ചക്കറി കൃഷി നെൽകൃഷി മറ്റു കൃഷികൾ എന്നിവ ഹരിതം പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്. ഇതോടൊപ്പം മിയാവാക്കി വനങ്ങൾ,ഫലവൃക്ഷങ്ങളുടെ നടലും പരിപാലനവും, കമ്പോസ്റ്റ് നിർമ്മാണം, സീഡ് ബോൾ നിർമാണവും വിതറലും ഹരിതം പദ്ധതിയുടെ ഭാഗമാണ്. സ്കൂൾ ക്യാമ്പസിൽ തനതിട നിർമാണവും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളായ ജലസംരക്ഷണം, ഊർജ്ജ സംരക്ഷണം, ഖരമാലിന്യ സംസ്കരണം എന്നിവയും ഹരിതം പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന പ്രവർത്തനങ്ങളാണ്.
യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ഒരു ഏക്കർ വരുന്ന പാടത്താണ് ‘പൊന്മണി’ ഇനത്തിൽപ്പെട്ട നെൽവിത്തിറക്കുന്നത്.വിളവെടുപ്പിൽ നിന്നും കിട്ടുന്ന നെല്ല് അവിൽ ആക്കി മാറ്റി വിൽപ്പന നടത്താനും ഇതിലൂടെ കിട്ടുന്ന വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാർഥിക്ഷേമ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കാനാണ് സ്കൂൾ തീരുമാനിച്ചിട്ടുള്ളത്. മുൻപ് കോവിഡ് കാലത്ത് ഉത്പാദിപ്പിച്ച ബിരിയാണി അരി വിൽപന നടത്തി അതിൽ നിന്നും ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയും സ്കൂൾ മാതൃകയായിരുന്നു.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പിവിഎ മനാഫ്, കെ ടി അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉമ്മു സൽമ, ഷിബിൻ ലാൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. സഹൂദ്, നൗഷർ കല്ലട,പി സുലൈഖ,കെ സാദിൽ,സൈനബ പട്ടീരി,റംല വെള്ളാരി, എൻഎസ്എസ് മലപ്പുറം ഇസ്റ്റ് ജില്ലാ കോർഡിനേറ്റർ സുരേഷ് ബത്തേരി, സ്കൂൾ മാനേജർ കെ അബ്ദുൽസലാം, പ്രധാനാധ്യാപകൻ സി.പി. അബ്ദുൾ കരീം, പി.ടി.എ പ്രസിഡൻ്റ് വി.അഷ്റഫ്, എൻ എസ് .എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ, ഇൻഫർമേഷൻ അസിസ്റ്റൻ്റ് ടി. ശരണ്യ, സോൾ കൺവീനർ എം.പി. ബി ഷൗക്കത്ത്, എൻ എസ് എസ് എസ് പി സി അംഗം ദിലീപ്, എം.പി.ടി എ പ്രസിഡൻ്റ് റജീന സൈതാലി, എൻ എസ് എസ് വളണ്ടിയർ ഗാഷിയ ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു.