പരിമിതികള്‍ മറന്ന് അവര്‍ ഒത്തുകൂടി. ആടിയും പാടിയും അരങ്ങു തകര്‍ത്തു. മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായി മലപ്പുറം ടൗണ്‍ഹാളില്‍ കുടുംബശ്രീ ജില്ലാ മിഷന് നടത്തിയ ‘ശലഭങ്ങള്‍’ ബഡ്സ് സ്കൂള്‍ ജില്ലാ കലോത്സവമാണ് കാണികള്‍ക്ക് വേറിട്ട അനുഭവമായത്. പരിമിതികളെ അതിജീവിച്ച് മനോഹരമായ നൃത്തങ്ങളും ഗാനങ്ങളും വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് വരവേറ്റത്. കലോത്സവം മന്ത്രി വി. അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. പി.ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാകലക്ടര്‍ വി.ആര് പ്രേംകുമാര്‍ മുഖ്യാതിഥിയായി. കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.ടി ഫാത്തിമത്ത് സുഹറാബി, പെരുമ്പടപ്പ് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സൗദാമിനി, കുടുംബശ്രീ മിഷന് കോര്‍ഡിനേറ്റര്‍ ജാഫര്‍.കെ.കക്കൂത്ത്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജോസഫ് റുബെല്ലോ, പ്രോഗ്രാം മാനേജര്‍ കെ.എസ് ഹസ്കര്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും, ചിത്ര പ്രദര്‍ശനവും, കുട്ടികള്‍ തയ്യാറാക്കിയ സാധന സാമഗ്രികള്‍, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, സ്റ്റാളുകള്‍ എന്നിവയും കലോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കലോത്സവം ഇന്ന് (നവംബര്‍ ആറ്)സമാപിക്കും. സാധാരണ കലോത്സവങ്ങളിലും പ്രവര്‍ത്തി പരിചയമേളകളിലും പങ്കെടുക്കാന്‍ അവസരമില്ലാത്ത കുട്ടികള്‍ക്ക് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ശലഭങ്ങള്‍’ നടത്തുന്നത്.