കൽപ്പകഞ്ചേരി ഗവ:എൽ.പി സ്കൂളിന് രണ്ട് നിലകളിലായി നിർമിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ നിർമാണോദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വഹീദ അധ്യക്ഷയായി. 1.92 കോടി രൂപചെലവിൽ 543 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് പുതുതായി നിർമിക്കുന്നത്. രണ്ട് നിലകളുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ മൂന്ന് ക്ലാസ് മുറികളും, ഒരു ഓഫീസ് മുറിയും, നാല് ശുചി മുറികളും ഗോവണിയും, മുകളിലത്തെ നിലയിൽ നാല് ക്ലാസ് മുറികളും, ശുചിമുറികളും ഉണ്ട്. കൂടാതെ ഭാവിയിൽ ഒരു നില കൂടി നിർമ്മിക്കുന്നതിന്ന് അനുയോജ്യമായ രീതിയിലാണ് കെട്ടിടം വിഭാവനം ചെയ്തിട്ടുള്ളത്.
കൽപ്പകഞ്ചേരി ഗവ:എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ എ.എഫ്.തോമസ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ നസീബ അസീസ്, കല്പകഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.പി. ജുബൈരിയ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എ. വി. സലീജ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം സാഹിറ ചക്കിങ്ങൽ, കല്പകഞ്ചേരി പഞ്ചായത്തംഗം എ. സുഹറാബി, എ. ഇ. ഒ വി.കെ.ഹരീഷ്, കുറ്റിപ്പുറം ബി.പി.സി ടി. അബ്ദുസലീം, പി.ടി.എ പ്രസിഡൻ്റ് പി. സെയ്ദുട്ടി, എം.ടി.എ പ്രസിഡൻ്റ് സഫൂറ മഷ്ഹൂർ, സ്റ്റാഫ് സെക്രട്ടറി സുലൈമാൻ പാറമ്മൽ എന്നിവർ സംസാരിച്ചു. പരിപാടിയിൽ എൽ.എസ്.എസ് വിജയികൾക്കുള്ള പുരസ്ക്കാരവിതരണവും കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു.