അമ്പരപ്പില്ലാതെ പൊലീസിനെ കണ്ട ആവേശത്തിലാണ് മലപ്പുറം ഗവ. വനിതാ കോളജിലെ വിദ്യാര്‍ഥിനികള്‍. സിനിമയില്‍ മാത്രം കണ്ടു പരിചയിച്ച എ കെ 47 മുതല്‍ താര്‍ വരെയുള്ള തോക്കുകള്‍ മുന്നില്‍ അണിനിരന്നപ്പോള്‍ വിദ്യാര്‍ഥിനികളില്‍ ആവേശവും കൗതുകവും ഇരട്ടിയാക്കി. പിന്നെ ഓരോന്നും അറിയാനുള്ള വ്യഗ്രത മാത്രം.. ഓരോന്നായി പൊലീസ് പരിചയപ്പെടുത്തി. കാണാനും അറിയാനും പരിചയപ്പെടാനും മലപ്പുറം എം.എസ്.പിയില്‍ ഏറെ കാര്യങ്ങള്‍. പൊലീസ് പരേഡ്, ബാന്‍ഡ് വാദ്യപ്രദര്‍ശനം, ബറ്റാലിയന്‍ അഡ്മിനിസ്ട്രേഷന്‍, ഹോസ്പിറ്റല്‍, കമണ്ടൻ്റ്  ബംഗ്ലാവ്, അസി.കമാണ്ടൻ്റ്  ബംഗ്ലാവ്, വര്‍ക്ക് ഷോപ്പ്, ജിംനേഷ്യം, മ്യൂസിയം തുടങ്ങിയവയെല്ലാം പരിചയപ്പെട്ടാണ് വിദ്യാര്‍ഥിനികള്‍ മടങ്ങിയത്. പൊലീസ്-വിദ്യാര്‍ഥി സൗഹൃദം വളര്‍ത്തുന്നതിനായി പൊലീസിൻ്റെ ‘സ്‌കൂള്‍സ് ടു ബറ്റാലിയന്‍’ പദ്ധതിയിലൂടെയാണ് വിദ്യാര്‍ഥികള്‍ക്ക് പൊലീസിനെ അറിയാനും പഠിക്കാനുമുള്ള അത്യാപൂര്‍വമായ അവസരമൊരുങ്ങിയത്.

പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം എം.എസ്.പിയില്‍ എം.എസ്.പി കമാണ്ടൻ്റ്  കെ.വി സന്തോഷ് നിര്‍വഹിച്ചു. മലപ്പുറം ഗവ. വനിതാ കോളജിലെ 36 വിദ്യാര്‍ഥിനികള്‍ മലപ്പുറം എം.എസ്.പിയിലെ ഹെഡ് ക്വാര്‍ട്ടര്‍ ക്യാമ്പ് സന്ദര്‍ശിച്ചാണ് പരിപാടിക്ക് തുടക്കമിട്ടത്. പൊലീസ് ക്യാമ്പും പൊലീസ് ഉദ്യോഗസ്ഥരുടെ വിവിധ ജോലികളെക്കുറിച്ചും പരിചയപ്പെടുന്നതിനും ക്രമസമാധാനപാലനത്തില്‍ പൊലീസിൻ്റെ പങ്ക് മനസിലാക്കുന്നതിനുമാണ് സ്‌കൂള്‍/കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പദ്ധതി തയ്യാറാക്കിയത്. സമൂഹത്തില്‍ വളര്‍ന്നു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലഹരിവിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിനിൻ്റെ തുടര്‍ച്ചയായാണ് ‘സ്‌കൂള്‍സ് ടു ബറ്റാലിയന്‍’ എന്ന പരിപാടി. ചടങ്ങില്‍ എം.എസ്.പി ഡെപ്യൂട്ടി കമാണ്ടൻ്റ്  ശ്രീനിവാസന്‍ അധ്യക്ഷനായി. കമാണ്ടിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എച്ച് കമ്പനി മാര്‍ട്ടിന്‍ ഡിക്രൂസ്, ക്യു.എം അസ്സി.കമാണ്ടൻ്റ്  ഹബീബ് റഹ്‌മാന്‍, അസി കമാണ്ടൻ്റ്  ട്രെയിനിങ് – ഔട്ട്‌ഡോര്‍ പി.എ കുഞ്ഞുമോന്‍, ഓഫീസര്‍ കമാണ്ടിങ്, എഫ് കമ്പനി പി. ബാബു, അസി.കമാണ്ടൻ്റ്  ഐ.എം വിജയന്‍, ഓഫീസര്‍ കമാണ്ടിങ് ഇന്‍ ചാര്‍ജ് , ഇ – കമ്പനി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി എം എസ്പി യുടെ ഡോക്യുമെന്‍ററി പ്രദര്‍ശനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp