പുതുമോടിയില്‍ തിളങ്ങി വണ്ടൂര്‍ ഗവ: വിഎംസി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. സ്കൂളില്‍ പൂര്‍ത്തിയാക്കിയ സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം എ.പി അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. മുറ്റത്തിന്റെ നവീകരണം, ഓപ്പണ്‍ എയര്‍ തീയേറ്റര്‍, നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പദ്ധതി. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം വകയിരുത്തിയാണ് സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കിയത്. വിദ്യാലയത്തിന്റെ പാരമ്പര്യ തനിമ നിലനിര്‍ത്തി നാലുകെട്ടിന്റെ നടുമുറ്റം അലങ്കാര പുല്ലും ചെടികളും നട്ടു ഉദ്യാനമാക്കി ചുറ്റും ചുട്ടുകട്ട പാകി മുറ്റം നവീകരിച്ചു . ഓപ്പണ്‍ ഏയര്‍ തിയറ്റര്‍ , നടപ്പാതകള്‍ , മരങ്ങള്‍ക്കു ചുറ്റും മനോഹരമായ ഇരിപ്പിടങ്ങള്‍ തുടങ്ങിയവയാണ് സ്കൂളില്‍ തയ്യാറാക്കിയിരിക്കുന്നത്. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ഥലവും മരങ്ങളും ഉള്ള ക്യാമ്പസുകളില്‍ ഒന്നാണ് വണ്ടൂര്‍ ഗവ: വിഎംസി എച്ച്.എസ്.എസ്. മരങ്ങള്‍ നശിപ്പിക്കാതെയും പ്രകൃതി ഭംഗി നഷ്ട പ്പെടാതെയും പരിസ്ഥിതി സൗഹൃദ രീതിയിലാണു പ്രവൃത്തികള്‍ നടത്തിയത്.
സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം കെ ടി അജ്മല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഇ ടി ദീപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ വിദ്യാലയത്തിനുള്ള വാട്ടര്‍ പ്യൂരിഫയര്‍ കൈമാറ്റവും നടന്നു. വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.സിതാര, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ സാജിത, പി ടി എ പ്രസിഡന്റ് പി.സിറാജുദ്ധീന്, എസ്.എം.സി ചെയര്‍മാര്‍ എ.കെ ശിഹാബുദ്ധീന്‍, സി.ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.