ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിൻ്റെയും അതിനൂതന സാങ്കേതിക വിദ്യയുടെയും പുതിയ ലോകത്തേക്ക് ചുവട് വെച്ച് മലപ്പുറത്തെ വിദ്യാര്‍ഥികള്‍. ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചു നടപ്പിലാക്കിയ 100 കെ മലപ്പുറം കോഡേഴ്സ് പദ്ധതിയില്‍ അര ലക്ഷം വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കി. പഠനം പൂര്‍ത്തിയാക്കിയവരുടെ ബിരുദദാന ചടങ്ങ് ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. ഭാവിയെ കുറിച്ച് ചിന്തയുള്ളവര്‍ക്ക് മാത്രമേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി മാതൃകാ പദ്ധതി നടപ്പാക്കിയ ജില്ലാ പഞ്ചായത്തിനെ അദ്ദേഹം അഭിനന്ദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എംകെ റഫീഖ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ മുഖ്യാതിഥിയായി. വാര്‍ഡുകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘ നവജ മിഷൻ്റെ ‘ പ്രഖ്യാപനവും അദ്ദേഹം നടത്തി.
സ്കൂള്‍ പഠനത്തോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, റോബോട്ടിക്, ബ്ലോക്ക് ചെയിന്‍, 3 ഡി പ്രിന്റിഗ് തുടങ്ങിയ അതിനൂതന സാങ്കേതിക വിദ്യകളില്‍ സൗജന്യമായി പരിശീലനം നല്കുന്ന പദ്ധതിയാണിത്. ആധുനിക വിവര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വേറിട്ട മാതൃകയായ പദ്ധതി മലപ്പുറം ഇ ഡാപ്റ്റ് ലേണിംഗ് അപ്ലിക്കേഷനുമായി സഹകരിച്ചാണ് നടപ്പിലാക്കിയത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനം ഇത്തരമൊരു പദ്ധതി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്നത്. ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭ ചെയര്മാന് മുജീബ് കാടേരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മയില്‍ മൂത്തേടം, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കാരാട്ട് അബ്ദുറഹ്മാന്, ഗ്രാമ പഞ്ചായത്ത് അസോസിയേഷന് പ്രസിഡൻ്റ് കലാം മാസ്റ്റര്‍, ഇഡാപ്റ്റ് സിഇഒ ഉമര്‍ അബ്ദുസലാം, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.