അന്ധവിശ്വാസങ്ങള്‍ക്കെതിരായ ചെറുത്ത് നില്പ്പിന് വായന അനിവാര്യം: മന്ത്രി വി. അബ്ദുറഹിമാന്
അന്ധവിശ്വസങ്ങള്ക്കെതിരായ ചെറുത്ത് നില്പ്പിന് വായന അനിവാര്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്. പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഗവ. വെല്‍ഫയര്‍ സ്കൂളില്‍ നിര്‍മിച്ച മാതൃക ലൈബ്രറിയുടെയും സ്കൂള്‍ വാര്‍ഷികാഘോഷ പരിപാടിയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വായന ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ വികാസത്തില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ്. അതിനാല്‍ കുട്ടികള്‍ മാത്രമല്ല രക്ഷിതാക്കളും വായനശാലയിലെ ഗുണഭോക്താക്കളായി മാറേണ്ടതുണ്ട്. വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളിലേക്ക് മാറുന്ന കാലത്ത് പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്ന പുസ്തകങ്ങള്‍ കൂടി വായനയുടെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.ഒ ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. ഡോ. കെ.ടി ജലീല്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു.
പുറത്തൂര്‍ ഗ്രാമപഞ്ചായത്തിൻ്റെ വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് 10 ലക്ഷം രൂപ ചെലവഴിച്ച് ഗവ. വെല്‍ഫയര്‍ സ്കൂളില്‍ മാതൃക ലൈബ്രറി നിര്‍മിച്ചത്. വിദ്യാര്‍ത്ഥികളും നാട്ടുകാരും സംഭാവനയായാണ് വായനശാലയിലേക്ക് പുസ്തകങ്ങള്‍ നല്‍കിയത്. ഒരേ സമയം ലൈബ്രറിയും ക്ലാസ് മുറിയുമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് സംവിധാനമൊരുക്കിയിട്ടുള്ളത്.
സ്കൂളില്‍ നടന്ന പരിപാടിയില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രീത പുളിക്കല്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുഹറ ആസിഫ്, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. ഉമ്മര്‍, കെ.ടി പ്രശാന്ത്, സരസ്വതി, പഞ്ചായത്തംഗങ്ങളായ പി.പി ജിനീഷ്, രാജന് കരേങ്ങല്‍, സി.എം പുരുഷോത്തമന്, എ ഇ ഒ പി. സുനിജ, വിദ്യാഭ്യാസ നിര്‍വഹണ ഉദ്യോഗസ്ഥന് കെ. മുഹമ്മദ് സാലിം, ബി.പി.സി തിരൂര്‍ ബി.ആര്.സി ബാബു, പി.ടി.എ പ്രസിഡന്റ് കെ. സന്ദീപ്, പ്രഥമാധ്യാപകന് എ.വി ഉണ്ണികൃഷ്ണന്, പി.ഷീബ എന്നിവര്‍ സംസാരിച്ചു.