അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന പൊന്മുണ്ടം ഗവണ്മെൻ്റ് ഹയര്‍ സെക്കന്ററി സ്കൂളിന് കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിനായി 20 കോടി രൂപയുടെ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്താന്‍ കായിക ന്യൂനപക്ഷ ക്ഷേമ വഖഫ് ഹജ്ജ് തീര്‍ത്ഥാടന റെയില്‍വേ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ്റെ സാന്നിദ്ധ്യത്തില്‍ സ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സ്കൂളിനായി വാങ്ങിച്ച ഒരേക്കര്‍ ഭൂമി തരം മാറ്റി കെട്ടിടം പണിയുന്നതിന് കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ അനുമതി നല്‍കിയത്. ഒന്നാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസ്സുകളിലായി ആയിരത്തി എഴുന്നോറോളം കുട്ടികളാണിവിടെയുള്ളത്.
1880 ല്‍ ആരംഭിച്ച ഈ സ്കൂള്‍ പടിപടിയായി ഹയര്‍ സെക്കന്ററി തലം വരെ ഉയര്‍ത്തപ്പെട്ടെങ്കിലും കേവലം മുപ്പത് സെൻ്റ് സ്ഥലത്താണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. 2005 ല്‍ സ്കൂള്‍ അപ്ഗ്രഡേഷന് കമ്മിറ്റി കണ്ടെത്തിയ ഒരേക്കര്‍ ഭൂമി 2012 ലാണ് ജില്ലാ പഞ്ചായത്തിൻ്റെ ഫണ്ട് കൂടി ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമപ്രകാരം ഈ ഭൂമിയില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിരുന്നില്ല. 2016 ല്‍ വി. അബ്ദുറഹിമാന് താനൂരില്‍ നിന്നും വിജയിച്ചതിനു ശേഷം സ്കൂളിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നിരന്തരമായി നടത്തിയ ശ്രമ ഫലമായാണ് ഇപ്പോള്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതിയായത്. സ്കൂളിൻ്റെ ദയനീയാവസ്ഥ മുഖ്യമന്ത്രിയേയും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിനെയും ബോധ്യപ്പെടുത്തിയതിൻ്റെ ഭാഗമായാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം പരിഗണിച്ച് അനുമതി നല്‍കിയത്.
കിഫ്ബി ഫണ്ടും വിവിധ വകുപ്പുകളുടെ പ്ലാന്‍ ഫണ്ടുകളും ഉപയോഗിച്ച് സ്കൂളിൻ്റെ 25 വര്‍ഷത്തെ ആവശ്യങ്ങള്‍ നിറവേറ്റാനുതകുന്ന ക്ലാസ് മുറികള്‍, ലാബുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, അടുക്കള , ഡൈനിംഗ് ഏരിയ ശൗചാലയങ്ങള്‍, തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള കെട്ടിടങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും ആകര്‍ഷകവും വിശദമായതുമായ രൂപരേഖയാണ് തയ്യാറാക്കുക.
മന്ത്രി. വി. അബ്ദുറഹിമാനു പുറമെ ജില്ലാ പഞ്ചായത്തംഗം ശ്രീദേവി പ്രാക്കുന്ന്, ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡൻ്റ് ആര് കോമു ക്കുട്ടി, തീരദേശ വികസന കോര്പ്പറേഷന് ചീഫ് എഞ്ചിനീയര്‍ ബാലകൃഷ്ണന്, അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയര്‍ രൂപേഷ്, അസിസ്റ്റൻ്റ് എഞ്ചിനീയര്‍ ശരണ്യ.എസ് , അനീഷ്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ പങ്കജവല്ലി, ഗീത ടീച്ചര്‍, പി.ടി.എ. പ്രസിഡൻ്റ് ആര്. ഖാദര്‍, എസ്.എം.എസി. ചെയര്മാന് മുഹമ്മദ് സക്കീര്‍ , മുസ്തഫ മാസ്റ്റര്‍,സനില ടീച്ചര്‍, ഗഫൂര്‍ മാസ്റ്റര്‍, ഹനീഫ മാസ്റ്റര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അലവി, വേലായുധന് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.