ഓരോ തദ്ദേശസ്ഥാപനങ്ങളും വാർഷിക പദ്ധതികൾ ഒരുക്കുമ്പോൾ അൽപ്പമൊന്നു മാറി ചിന്തിച്ചാൽ തനത് ചട്ടക്കൂടുകളെ പൊളിച്ചുമാറ്റി നാടിനു മാതൃകയാകുന്ന പദ്ധതികൾ പ്രഖ്യാപിക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് കാവനൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിൽ വരുന്ന എൽ.പി, യു.പി സ്‌കൂളുകളിലെ വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി നടപ്പാക്കിയ ‘അക്ഷരം മിഠായി’ പദ്ധതിയാണ് ഇന്ന് ജില്ലയ്ക്ക് തന്നെ മാതൃകയാക്കാവുന്ന പദ്ധതിയായി മാറിയിരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ ഓൺലൈൻ പഠനം മാത്രമായി വീടുകളിൽ ഒതുങ്ങികൂടിയ വിദ്യാർഥികളിൽ പലർക്കും തിരിച്ച് സ്‌കൂളിൽ എത്തിയപ്പോൾ പഠന നിലവാരം ഉയർത്താൻ വളരെയധികം പ്രയാസം നേരിട്ടിരുന്നു. ഭൂരിഭാഗം വിദ്യാർഥികളും കുറച്ചുനാളുകൾ കൊണ്ട് സാധാരണ രീതിയിലെത്തിയെങ്കിലും കുറച്ച് കുട്ടികൾ വളരെ പിന്നോക്കാവസ്ഥയിലാണുണ്ടായിരുന്നത്.
ഇത്തരം വിദ്യാർഥികളെ കണ്ടെത്തി അവർ വായനയിലും എഴുത്തിലും നേരിട്ട പ്രയാസം മനസ്സിലാക്കി അവർക്കൊരു കൈത്താങ്ങൊരുക്കുകയാണ് പഞ്ചായത്തിന്റെ ‘അക്ഷര മിഠായി’ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. പഞ്ചായത്ത് പരിധിയിൽ വരുന്ന 13 എൽ.പി, യു.പി സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ഇതിൽ സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലേയും വിദ്യാർഥികൾ ഉൾപ്പെടുന്നുണ്ട്. സ്‌കൂളുകളിലെത്തി അധ്യാപകരോടും വിദ്യാർഥികളോടും സംസാരിച്ച് പഠനനിലവാരത്തിൽ വളരെ പിന്നോക്കം നിൽക്കുന്ന 30 കുട്ടികളെ ഓരോ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത് അവർക്കാവശ്യമായ രീതിയിൽ പരിശീലനം നൽകുകയാണ് ചെയ്യുന്നത്. തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് തീർത്തും അക്ഷരങ്ങൾ എഴുതാനോ വായിക്കാനോ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഇവർ പഠനനിലവാരത്തിൽ വളരെയധികം പിന്നോക്കാവസ്ഥയിലായിരുന്നു. ഇത്തരത്തിൽ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ദിവസവും നിശ്ചിത സമയത്തിലും അവധി ദിവസങ്ങളിലും പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിച്ച് അവരുടെ പഠനം നിലവാരം മറ്റു വിദ്യാർത്ഥികൾക്കൊപ്പം എത്തിക്കാനും കുട്ടികളുടെ ആത്മവിശ്വാസം വളർത്തുന്നതിനും ഈ പദ്ധതിയിലൂടെ സാധിച്ചു. വിദ്യാർത്ഥികളെ പരിശീലിപ്പിക്കാനായി ബി.എഡ് പൂർത്തിയാക്കി പരിശീലനം നടത്തുന്ന അധ്യാപകരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച പദ്ധതിയിലൂടെ മൂന്നു മാസത്തിനുള്ളിൽ 532 വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് പഠന നിലവാരം ഉയർത്താനും ക്ലാസിലെ മറ്റു വിദ്യാർത്ഥികൾക്കൊപ്പമെത്തിക്കാനും സാധിച്ചിട്ടുണ്ട്. 30 അധ്യാപകരെയാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനായി പഞ്ചായത്ത് നിയോഗിച്ചിട്ടുള്ളത്. 14 ലക്ഷം രൂപയാണ് പഞ്ചായത്ത് ഈ പദ്ധതിക്കായി വിനിയോഗിക്കുന്നത്. അക്ഷര മിഠായി പദ്ധതിയിലൂടെ എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പുകൾക്കുള്ള പരിശീലന പരിപാടികളും നടത്തിവരുന്നുണ്ട്. ഇതോടൊപ്പം ഈ പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വിദ്യാലയത്തിലെയും കുട്ടികൾക്ക് പ്രഭാത ഭക്ഷണം ഒരുക്കുന്ന പദ്ധതിയും നടന്നുവരുന്നു. പ്രഭാത ഭക്ഷണം പദ്ധതിക്കും മികച്ച പ്രതികരണമാണ് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിച്ചിട്ടുള്ളത്. കാവനൂർ പഞ്ചായത്ത് നടപ്പാക്കിയ അക്ഷര മിഠായി എന്ന മാതൃകാ പദ്ധതി നാടിന് തന്നെ അഭിമാനമായി മാറിയെന്നും ജില്ലാ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ പദ്ധതിക്ക് ജില്ലാ കളക്ടറിൽ നിന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും അഭിനന്ദനങ്ങൾ ലഭിച്ചതായും ഈ പദ്ധതി ജില്ലയിലെ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് കളക്ടർ അറിയിച്ചതായും കാവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി ഉസ്മാൻ പറഞ്ഞു.