ഭിന്നശേഷി കുട്ടികളുടെ ശാസ്ത്രീയ പരിചരണം ഉറപ്പാക്കുന്നതിനായി മലപ്പുറം ജില്ലയിൽ നടപ്പിലാക്കി വിജയിച്ച പാരൻ്റ് എംപവർമെൻ്റ് പ്രോഗ്രാം സംസ്ഥാനത്തുടനീളം നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിൻ്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഉണര്‍വ് 2022’ സംസ്ഥാനതല പരിപാടികളുടെ ഉദ്ഘാടനം തിരൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന ലക്ഷ്യവുമായി സാമൂഹ്യനീതി വകുപ്പ് മുഖേന നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നത്. ശാരീരികമായ പരിമിതികൾ മറികടക്കുന്നതിനായി വിവിധ പദ്ധതികളിലൂടെ ആവശ്യമായ ഉപകരണങ്ങൾ നൽകി ഭിന്നശേഷിക്കാരെ പൊതുസമൂഹത്തോടൊപ്പം ചേർത്ത് നിർത്താനാണ് സർക്കാർ ശ്രമം. അതിൻ്റെ ഭാഗമായാണ് എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷിക്കാർക്ക് കടന്നു ചെല്ലാവുന്ന വിധം തടസ രഹിത കേരളമെന്ന ആശയം സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാർക്കായി കുടുംബശ്രീ മാതൃകയിൽ സ്വാശ്രയ സംഘം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഭിന്നശേഷി അവാര്‍ഡ് വിതരണവും പ്രദര്‍ശന പവലിയന്‍ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിച്ചു.

തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ ഫിഷറീസ്-കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷനായി. പരിപാടിയിൽ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. ഭിന്നശേഷിക്കാർക്കുള്ള കൈപ്പുസ്തക പ്രകാശനവും എം.എല്‍.എ നിര്‍വഹിച്ചു.

മലപ്പുറം റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തിൻ്റെ പ്രധാന വേദിയായ തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തന്നെയാണ് സംസ്ഥാന ഭിന്നശേഷി ദിനാചാരണ പരിപാടികളും സംഘടിപ്പിച്ചിരുന്നത്. ആദ്യമായാണ് സംസ്ഥാനതല ഭിന്നശേഷി പരിപാടികള്‍ക്ക് ജില്ല വേദിയാകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഭിന്നശേഷി സഹൃദയ സംഗമം, പുരസ്കാര വിതരണം, വിവിധ കലാപരിപാടികള്‍, പ്രദര്‍ശനം, സംഗീത വിരുന്ന് തുടങ്ങി വിവിധ പരിപാടികളും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

പരിപാടിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ്  എം.കെ. റഫീഖ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു. സൈനുദ്ധീൻ, നഗരസഭ കൗൺസിലർ പി. ഷാനവാസ്, ഭിന്നശേഷി കമ്മീഷണര്‍ ജസ്റ്റിസ് എസ്. എച്ച് പഞ്ചാപകേഷന്‍, സാമൂഹ്യ നീതി വകുപ്പ് അഡീഷണൽ ഡയറക്ടർ ജലജ, കെ.എസ്.എച്ച്.പി.ഡബ്യു.സി ചെയർപേഴ്സൺ അഡ്വ. എം.വി ജയാഡാലി, സബ് കലക്ടര്‍ സച്ചിന്‍കുമാര്‍ യാദവ് തുടങ്ങി വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp