പൊതുവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ച കൃത്യമായ ആസൂത്രണത്തിൻ്റെ ഫലമെന്ന് മന്ത്രി വി. ശിവന്‍ കുട്ടി
ശാസ്ത്രീയവും സമഗ്രവുമായ വളര്‍ച്ചയാണ് പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കൃത്യമായ ആസൂത്രണവും നിര്‍വ്വഹണവുമാണ് ഈ വളര്‍ച്ചയ്ക്ക് കാരണമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. മൂന്ന് കോടി 90 ലക്ഷം രൂപ ചെലവഴിച്ച് വെട്ടത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഏറ്റവും സുപ്രധാനമായ മേഖല അധ്യയനത്തോടൊപ്പം നടക്കുന്ന അധ്യാപക പരിശീലനം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി നവാഗതരായ അധ്യാപകര്‍ക്ക് ആറ് ദിവസം നീണ്ടു നിന്ന റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കി. ക്ലാസ് മുറിയിലും പുറത്തും ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചുകൊണ്ട് ഇടപെടുന്നതില്‍ പരിമിതികള്‍ അനുഭവപ്പെടുന്ന നവാധ്യാപകരെ കാലികമായി ശാക്തീകരിക്കുക എന്നതായിരുന്നു ഈ പരിശീലനത്തിൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷത വഹിച്ചു. വെട്ടത്തൂര്‍ ഗ്രാമപഞ്ചായതത് പ്രസിഡൻ്റ് സി.എം മുസ്തഫ, ജില്ലാ പഞ്ചായത്ത് അംഗം റഹ്മത്തുന്നീസ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മുഹമ്മദ് നയീം, വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഉസ്മാന്‍ മാസ്റ്റര്‍, ഡി.ഡി.ഇ കെ.പി രമേശ് കുമാര്‍, വിദ്യാകിരണം മിഷന്‍ കോ-ഓഡിനേറ്റര്‍ എം.മണി, പി.ടി.എ പ്രസിഡൻ്റ് പി.കെ ജാഫര്‍ ബാബു, മുന്‍ എം.എല്‍.എ വി. ശശികുമാര്‍, പ്രിന്‍സിപ്പല്‍ അഷറഫ്, പ്രധാനാധ്യാപിക സി.വി രാധിക, സ്റ്റാഫ് സെക്രട്ടറി പി. അംബിക തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു