മഷിത്തണ്ട് സർഗസഹവാസക്യാമ്പ് അവസാനിച്ചു.സ്കൂളിലും ബ്രിട്ടീഷ് ബംഗ്ലാവിലുമായി നടന്ന ദ്വിദിനസഹവാസക്യാമ്പിൽ 27 കുട്ടികളാണ് പങ്കെടുത്തത്.
ക്യാമ്പനുഭവങ്ങൾ പറയേണ്ടത് കുട്ടികൾ തന്നെയാണ്. ഒമ്പതാം ക്ലാസിലെ റിതുനന്ദന ക്യാമ്പിനെക്കുറിച്ചെഴുതിയത് പങ്കുവെക്കുന്നു.
“ഞാൻ റിതു നന്ദന. തോൽപ്പെട്ടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി.
ഇന്ന് ഞാൻ വളരെ സന്തോഷത്തിലാണ് കാരണം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന മഷിത്തണ്ട് സർഗ്ഗപോഷണ ക്യാമ്പ് എന്നിൽ ഒളിഞ്ഞിരിക്കുന്ന പല കഴിവുകളെയും പുറത്തുകൊണ്ടുവരാൻ പ്രേരിപ്പിക്കുന്നതായിരുന്നു. ഒരു വേദിയിൽ നിന്നും ധൈര്യത്തോടെ സംസാരിക്കാനും എപ്പോഴും ആക്ടീവായിരിക്കാനും ഈ ക്യാമ്പ് ഞങ്ങളെയെല്ലാം പഠിപ്പിക്കുകയായിരുന്നു.
ഇതുവരെ ഒരു ക്യാമ്പിലും പങ്കെടുത്തിട്ടില്ലാത്ത എനിക്ക് ക്യാമ്പിനെ പറ്റിയുള്ള ഒരു ധാരണയുമില്ലായിരുന്നു. അതിനാൽ തുടക്കത്തിൽ എനിക്ക് ചെറിയൊരു ഭയം ഉണ്ടായിരുന്നു പക്ഷേ ശിവദാസ് സാറിന്റെ രസകരമായ കോഴി പാട്ടിലൂടെ ഞങ്ങടെ ഭയമെല്ലാം പമ്പ കടന്നു. സാറിൻറെ ഒപ്പം താളം പിടിച്ചു പാടുമ്പോൾ ഞങ്ങളും പതിയെ പാട്ട്കാരായി മാറുകയായിരുന്നു. ഒരു എനർജി സൈക്കിൾ രൂപീകരിച്ചായിരുന്നു എമിൽ ഏട്ടൻ കയറി വന്നത്. കോൺസെൻട്രേഷൻ വർധിപ്പിക്കുന്നതിനുള്ള ഒട്ടേറെ ഗെയിമുകൾ എമിൽ ഏട്ടൻ ഞങ്ങൾക്ക് പറഞ്ഞു തന്നു.
ഉച്ചഭക്ഷണത്തിനുശേഷം പീവിസ് പ്ലാൻറേഷന്റെ ബ്രിട്ടീഷ് ബംഗ്ലാവിലായിരുന്നു ഞങ്ങളുടെ ക്യാമ്പ്. നമ്മുടെ തൊട്ടടുത്തുള്ള ഒരു പുരാതന ബംഗ്ലാവ് ആയിരുന്നുവെങ്കിലും ഞങ്ങളിൽ പലരും അത് കണ്ടിട്ടില്ലായിരുന്നു. ബംഗ്ലാവിലെചിത്ര കലകളും അവിടുത്തെ പ്രകൃതി രമണീയതയുമെല്ലാം ഞങ്ങൾ ഏറെ ആസ്വദിച്ചു. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവിടെ ചില്ലിട്ട് വച്ചിരുന്ന കടുവയുടെ യഥാർത്ഥ മുഖം ആയിരുന്നു.
ഞങ്ങൾ അവിടെ മരച്ചുവട്ടിൽ ഇരുന്ന് കാക്കയെകുറിച്ചുള്ള കവിതകൾ എഴുതി ഉണ്ടാക്കി. കുറെ ഗെയിം കളിച്ചു. പിന്നീട് ഹാറൂൺ ഉസ്മാൻ സാർ ഞങ്ങളെ കൊണ്ട് ചിത്രം വരപ്പിച്ചു, വളരെ വ്യത്യസ്തമായാണ് സാർ ഞങ്ങളെകൊണ്ട് ചിത്രം വരപ്പിച്ചത്. കണ്ണടച്ച് ചിത്രം വരയ്ക്കാൻ പറഞ്ഞപ്പോൾ ആദ്യം ഞങ്ങൾ ഒന്ന് അമ്പരന്നു. പിന്നീടാണ് അതിൻറെ യാഥാർത്ഥ്യം ഞങ്ങൾക്ക് മനസ്സിലായത് ഞങ്ങൾ അറിയാതെത്തന്നെ ഓരോരുത്തരും ഓരോ ചിത്രകാരന്മാർ ആയി മാറുകയായിരുന്നു. പൂച്ചയും പൂവും പൂമ്പാറ്റയും പോലുള്ള വ്യത്യസ്തമായ ചിത്രങ്ങൾ നമുക്ക് ലഭിച്ചു. എസ്റ്റേറ്റ് മാനേജർ ശ്രീനിവാസൻ സാർ ബ്രിട്ടീഷ് ബംഗ്ലാവിന്റെ ചരിത്രവും പ്രത്യേകതകളും പറഞ്ഞുതന്നു.ഏഴര മണിയോടെ ഞങ്ങൾ സ്കൂളിൽ തിരിച്ചെത്തി. കുളിയും മറ്റുകാര്യങ്ങളും കഴിഞ്ഞപ്പോഴേക്കും ക്യാമ്പ്ഫയർ റെഡി. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു ക്യാമ്പ്ഫയർ . രാത്രി കാലം കൂട്ടുകാരുമൊത്തു സ്കൂളിൽ ചിലവഴിച്ചതിന്റെ ഹരം ഒന്നുവേറെതന്നെ ആയിരുന്നു.
രണ്ടാംദിനം പ്രഭാതകൃത്യങ്ങൾക്കും ഭക്ഷണത്തിനും ശേഷം ഞങ്ങൾ നാല് ജീപ്പുകളിൽ വീണ്ടും ബംഗ്ലാവിലേക്ക് പോയി. ആദ്യം തന്നെ മരച്ചുവട്ടിൽ ഇരുന്ന് കാക്കയെ കുറിച്ചുള്ള കവിത പൂർത്തിയാക്കി. പിന്നീട് കുറച്ച് എക്സസൈസ്കൾക്കു ശേഷം ഞങ്ങൾ നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് നാടകത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അതിനായി എൻറെ ഗ്രൂപ്പിനെ സഹായിച്ചത് സനിലേഷ് സാറായിരുന്നു. ഞങ്ങൾക്ക് മൃഗങ്ങൾ അനുഭവിക്കുന്ന യാതനകളെ പറ്റിയുള്ള ഒരു കഥ പറഞ്ഞു തന്നു. ആനന്ദേട്ടൻ ഞങ്ങളെയെല്ലാം ക്യാമറയിലാക്കുന്നുണ്ടായിരുന്നു.
ഉച്ചക്കുശേഷം സ്കൂളിലെത്തി ഓരോഗ്രൂപ്പും നാടകം അവതരിപ്പിച്ചു. ഒരുമിച്ച് ഒരു പാട്ടു പാടിയാണ് ഞങ്ങൾ പരിപാടി അവസാനിപ്പിച്ചത്.
സ്കൂളിന്റെ ചുവടുകൾ പദ്ധതിയുടെ ഭാഗമാണ് മഷിത്തണ്ട് ക്യാമ്പ്. നാടകത്തിലും സിനിമയിലും എഴുത്തിലുമെല്ലാം വളരെ പ്രഗൽഭരായ വ്യക്തികളോടൊപ്പം രണ്ട് ദിവസം ചിലവഴിക്കാൻ അവസരം ഒരുക്കിത്തന്ന മുഴുവൻ പേർക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
[റിതുനന്ദന 9A]
അതെ, പ്രചോദനാത്മകമായ അനുഭവങ്ങളൊരുക്കിയാൽ കുട്ടികൾ അതീവഹൃദ്യമായി പാടും,പറയും,നൃത്തം ചെയ്യും. സ്വന്തമായി കഥകൾ മെനയും.അരങ്ങിൽ അവതരിപ്പിക്കും.തീർച്ച!