മെഡിക്കൽ, ഡെൻറൽ, ബി.എസ്.സി നഴ്സിങ് കോഴ്സുകളിൽ അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിനുള്ള നീറ്റ് യു.ജി കൗൺസലിങ്ങിനും സംസ്ഥാനങ്ങളിലെ കൗൺസലിങ്ങിനുമുള്ള സമയക്രമം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) പ്രസിദ്ധീകരിച്ചു.
രണ്ട് മുഖ്യഘട്ടവും മോപ് റൗണ്ടും സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടും ഉൾപ്പെടെ നാല് റൗണ്ടുകൾ ചേർന്നതാണ് കൗൺസലിങ് നടപടികൾ.
ഒക്ടോബർ 11 മുതൽ 20 വരെയാണ് അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാം റൗണ്ട് കൗൺസലിങ് നടപടികൾ. ഒക്ടോബർ 10 മുതൽ 20 വരെയാണ് അഖിലേന്ത്യ കോട്ടക്കൊപ്പം പ്രവേശനം നടത്തുന്ന കൽപിത സർവകലാശാല, കേന്ദ്ര മെഡിക്കൽ (എയിംസ്, ജിപ്മെർ, കേന്ദ്രസർവകലാശാലകൾ) സ്ഥാപനങ്ങളിലെ ഒന്നാം റൗണ്ട് കൗൺസലിങ് നടപടികൾ.
ഒക്ടോബർ 17 മുതൽ 28 വരെയാണ് സംസ്ഥാനങ്ങളിലെ ആദ്യ റൗണ്ട് കൗൺസലിങ്, കേരളത്തിൽ പ്രവേശനപരീക്ഷ കമീഷണറാണ് അലോട്ട്മെന്റ് നടപടികൾ നടത്തുന്നത്.
അഖിലേന്ത്യ ക്വോട്ടയിൽ ഒക്ടോബർ 11 മുതൽ 17 വരെ www.mcc.nic.in എന്ന വെബ്സൈറ്റ് വഴി ഒന്നാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ / ഫീസ് ഒടുക്കൽ പൂർത്തിയാക്കാം. 14 മുതൽ 18 വരെ ചോയ്സ് ഫില്ലിങ് / ലോക്കിങ്ങിന് അവസരമുണ്ടാകും. 19, 20 തിയതികളിൽ സീറ്റ് അലോട്ട്മെന്റ് പ്രോസസിങ് നടത്തി ഒക്ടോബർ 21ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 22 മുതൽ 28 വരെ കോളജുകളിൽ പ്രവേശനം നേടാം.
നവംബർ രണ്ടു മുതൽ ഏഴു വരെ രണ്ടാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ / ഫീസടക്കൽ നടത്താം. നവംബർ മൂന്നു മുതൽ എട്ട് വരെ ചോയ്സ് ഫില്ലിങ് / ലോക്കിങ് നടത്താം. നവംബർ ഒമ്പത്, 10 തിയതികളിൽ സീറ്റ് അലോട്ട്മെന്റ് പ്രോസസിങ്ങിന് ശേഷം 11ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. 12 മുതൽ 18 വരെ കോളജുകളിൽ പ്രവേശനം നേടാം.
രണ്ടാം റൗണ്ടിന് ശേഷം നടക്കുന്ന മോപ് റൗണ്ടിലേക്ക് നവംബർ 23 മുതൽ 28 വരെ രജിസ്ട്രേഷൻ / ഫീസടക്കൽ നടത്താം. 24 മുതൽ 29 വരെ ചോയ്സ് ഫില്ലിങ് നടത്താം. നവംബർ 30, ഡിസംബർ ഒന്ന് തിയതികളിൽ സീറ്റ് അലോട്ട്മെന്റ് പ്രോസസിങ്ങിന് ശേഷം ഡിസംബർ മൂന്നിന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഡിസംബർ നാല് മുതൽ 10 വരെ കോളജുകളിൽ പ്രവേശനം നേടാം.
ഇതിന് ശേഷം നടക്കുന്ന വേക്കൻസി ഫില്ലിങ് റൗണ്ടിലേക്ക് മോപ് റൗണ്ടിലെ രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങുമായിരിക്കും പരിഗണിക്കുക. ഈ ഘട്ടത്തിൽ പ്രത്യേകം രജിസ്ട്രേഷനോ ചോയ്സ് ഫില്ലിങ്ങോ ഉണ്ടാകില്ല. ഡിസംബർ 12, 13 തീയതികളിൽ സീറ്റ് അലോട്ട്മെൻറ് പ്രോസസിങ്ങിന് ശേഷം 14ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഡിസംബർ 15 മുതൽ 20 വരെ പ്രവേശനം നേടാം.
അഖിലേന്ത്യ, സംസ്ഥാന കോട്ടകളിൽ ഡിസംബർ 20നകം പ്രവേശന നടപടികൾ പൂർത്തിയാക്കും. നവംബർ 15ന് ക്ലാസുകൾ തുടങ്ങും.