കൊണ്ടോട്ടി ഗവ.കോളജില്‍ നിര്‍മിച്ച 6.3 കോടി രൂപയുടെ പുതിയ കെട്ടിടം മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു

ജില്ലയുടെ ഉന്നത വിദ്യഭ്യാസ രംഗത്തെ പുരോഗതിക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ഹയര്‍ സെക്കന്‍ഡറി പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സീറ്റുകളും കോഴ്സുകളും അനുവദിക്കുന്നതിന് മലബാര്‍ മേഖലയ്ക്ക് പ്രാമുഖ്യം നല്‍കുന്നുണ്ടെന്നും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. കൊണ്ടോട്ടി ഗവ.കോളജില്‍ കിഫ്ബി ഫണ്ടില്‍ നിര്‍മിച്ച 6.3 കോടി രൂപയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ഉന്നത സ്‌കില്‍ ഡവലപ്മെന്‍റ്  പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അസാപിന് കീഴിലുള്ള പദ്ധതികള്‍ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളില്‍ നിന്ന് മികച്ച സംരംഭകരെ വളര്‍ത്തിയെടുക്കാനുള്ള പദ്ധതികള്‍ക്കാണ് ഇനി ഊന്നല്‍ നല്‍കുക. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് പോലുള്ള പുതുതലമുറ കോഴ്സുകളും സംസ്ഥാനത്തെ ഗവ. കോളജുകളില്‍ ലഭ്യമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം വിദ്യാര്‍ഥികളും അധ്യാപകരും ലഹരിക്കെതിരായ പോരാട്ടത്തിലും അണിചേരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു . ചടങ്ങില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ അധ്യക്ഷനായി.

കോളജിന് പുതിയ വനിത ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനായി പ്ലാന്‍ ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപയും അക്കാദമിക്ക് ബ്ലോക്ക് നവീകരണത്തിന് 3.4 കോടി രൂപയും അനുവദിച്ചതായി മന്ത്രി അറിയിച്ചു. കലാലയത്തില്‍ സ്‌പോട്‌സ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിന് 30 ലക്ഷം രൂപയുടെ പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. നിലവില്‍ സ്ഥല പരിമിതി നേരിടുന്ന കലാലയത്തിൻ്റെ അടിസ്ഥാന സൗകര്യവികസനത്തിനായി ഏറ്റെടുത്ത് നല്‍കേണ്ട ഭൂമി സമീപവാസികള്‍ നല്‍കാന്‍ തയാറാണെന്ന കത്ത് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളും മറ്റു അടിസ്ഥാന വികസന പ്രവൃത്തികളുമായി സധൈര്യം മുന്നോട്ട് പോവാന്‍ മന്ത്രി എം.എല്‍.എ യോട് ആവശ്യപ്പെട്ടു. കോളജില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നത് പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി.

കൊണ്ടോട്ടി വിളയില്‍ പറപ്പൂര്‍ പ്രവര്‍ത്തിക്കുന്ന കോളജില്‍ നാലു നിലകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ച പുതിയ കെട്ടിടത്തില്‍ 14 ക്ലാസ് മുറികളാണുള്ളത്. സ്മാര്‍ട്ട് ക്ലാസ്മുറികള്‍ക്കാവശ്യമായ സൗകര്യങ്ങളോടെ നിര്‍മിച്ചകെട്ടിടത്തില്‍ നാല് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടുന്ന പത്ത് ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കും. കെട്ടിടം യാഥാര്‍ഥ്യമായതോടെ കോളജില്‍ സെമിപെര്‍മെനന്റായി പ്രവര്‍ത്തിച്ച അഞ്ച് ക്ലാസ് റൂം ഇതിലേക്ക് മാറ്റും. ഇതോടുകൂടി കോളജിലെ സെമിനാര്‍ ഹാളുകളുടെ സൗകര്യങ്ങള്‍ കോളജിന് കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാം. പുതിയ കെട്ടിടം യാഥാര്‍ഥ്യമായതോടെ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ കോളജിന് കൂടുതല്‍ മുന്നേറാനാവുമെന്ന പ്രതീക്ഷയാണ്. കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചിട്ടുള്ള കെട്ടിടത്തിൻ്റെ നിര്‍മാണ ചുമതല കിഡ്‌കോ ലിമിറ്റഡ് ആണ് നിര്‍വഹിച്ചിട്ടുള്ളത്.

അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  അബ്ദുള്‍ ഗഫൂര്‍ ഹാജി, കോളജ് പ്രിന്‍സിപ്പല്‍ ഡോ.വി.അബ്ദുള്‍ ലത്തീഫ്, കിറ്റ്‌കോ ഡിസ്ട്രിക്ട് ഹെഡ് പി.എംയൂസഫ്, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ഇളങ്കയില്‍ മുംതാസ്, മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  പി.കെ ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം എം.പി ശരീഫ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്തംഗം അസ്ലം മാസ്റ്റര്‍, എം.പി രജീഷ്, കെ.എം ബിന്ദു, വേലായുധന്‍, എന്‍.ഉഷാദേവി, എം.സി മുഹമ്മദ് ഷരീഫ്, കെ.നെജുമുദീന്‍ അലി, കെ. ഇമ്പിച്ചിമോതി മാസ്റ്റര്‍, പി.ശ്രീധരന്‍, അബ്ദുള്‍ മജീദ് നൂറേങ്ങല്‍, സുബ്രമണ്യന്‍, കെ.വി അലവി ഹാജി, അബ്ദുള്ള കുട്ടി മാളിയേക്കല്‍, പി.നാരായണന്‍, ഡോ. ആബിദ ഫാറൂഖി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp