പൊന്നാനി മുതല്‍ വഴിക്കടവ് വരെ ലഹരിമുക്ത കേരളത്തിനായി പതിനായിരങ്ങള്‍ അണിനിരന്നു
കണ്ണികളായി മന്ത്രി വി. അബ്ദുറഹിമാന്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍

കേരളപ്പിറവി ദിനത്തില്‍ സംസ്ഥാന സര്‍ക്കാരിൻ്റെ ലഹരിമുക്തകേരളത്തിനായുള്ള ലഹരിവിരുദ്ധ ശൃംഖലയില്‍ മലപ്പുറം ജില്ലയില്‍ നിന്ന് പതിനായിരങ്ങള്‍ അണി ചേര്‍ന്നു. ജില്ലാപഞ്ചായത്തിൻ്റെയും ജില്ലാഭരണകൂടത്തിൻ്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ മനുഷ്യശൃംഖലയ്ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചത് മികച്ച പിന്തുണ. വൈകീട്ട് മൂന്ന് മുതല്‍ നാല് വരെ പൊന്നാനി മുതല്‍ വഴിക്കടവ് വരെ തീര്‍ത്ത ലഹരിമുക്ത മനുഷ്യശൃംഖലയുടെ ഭാഗമായി നിരവധി പേരാണ് ലഹരിക്കെതിരായ പോരാട്ടത്തില്‍ കൈകള്‍ കോര്‍ത്തത്.
തിരൂരില്‍ നിന്ന് കായിക, ഫിഷറീസ്വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ മനുഷ്യശൃംഖലയ്ക്കൊപ്പം ചേര്‍ന്നു. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലായാണ് മന്ത്രി മനുഷ്യശൃംഖലയുടെ ഭാഗമായത്. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എയോടൊപ്പമാണ് മന്ത്രി അണി ചേര്‍ന്നത്. ലഹരിക്കെതിരായ പോരാട്ടങ്ങള്‍ ഇനിയും തുടരേണ്ടതുണ്ടെന്നും ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവുമായി ബന്ധപ്പെടുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. തിരൂരില്‍ പുതിയങ്ങാടി മുതല്‍ പൊലീസ് ലൈന്‍ വരെ മൂന്ന് കിലോമീറ്ററോളം നീളത്തില്‍ നാലായിരത്തോളം വിദ്യാര്‍ഥികളും ജനപ്രതിനിധികളുമാണ് മനുഷ്യശൃംഖലയില്‍ അണി നിരന്നത്. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  അഡ്വ. യു. സൈനുദ്ധീന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഫൈസല്‍ എടശ്ശേരി, തിരൂര്‍ നഗരസഭ കൗണ്‍സിലര്‍മാരായ കെ. സരോജാ ദേവി, പി. ഷാനവാസ്, സീതാലക്ഷ്മി, നന്ദകുമാര്‍, ഡിവൈ.എസ്.പി വി.വി ബെന്നി, പിടിഎ പ്രസിഡൻ്റ്  എ.കെ ബാബു എന്നിവരും വിദ്യാര്‍ഥികളോടൊപ്പം ലഹരിവിരുദ്ധ മനുഷ്യ ശൃംഖലയില്‍ പങ്കാളികളായി. ലഹരിക്കെതിരെ വിദ്യാര്‍ഥികളുടെ ഫ്ളാഷ് മോബും സംഘടിപ്പിച്ചിരുന്നു.
മലപ്പുറത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  എം.കെ റഫീഖ, ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  ഇസ്മാഈല്‍ മൂത്തേടം, നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ശ്രീധന്യ സുരേഷ്, അസിസ്റ്റൻ്റ്  കളക്ടര്‍ കെ. മീര, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ഡെപ്യൂട്ടി കളക്ടര്‍മാരായ ഡോ: എം.സി റെജില്‍, കെ മുരളി, കെ.ലത, അന്‍വര്‍ സാദത്ത്, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന്, സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, വിവിധ മത, രാഷ്ട്രീയ, യുവജന സംഘടനാ നേതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ശൃംഖലയില്‍ കണ്ണികളായി.
പൊന്നാനിയില്‍ ബസ് സ്റ്റാന്‍ഡ് മുതല്‍ കുണ്ടുകടവ് ജങ്ഷന്‍ വരെ തീര്‍ത്ത മനുഷ്യശൃംഖലയില്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ഒ.ഒ ഷംസു,ടി മുഹമ്മദ് ബഷീര്‍, ഷീന സദേശന്‍, ആബിദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നഗരസഭാ പരിസരത്തെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍, അങ്കണവാടിപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേന, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി ആയിരങ്ങളാണ് അണിനിരന്നത്.
എടപ്പാള്‍ അംശകച്ചേരി മുതല്‍ അണ്ണക്കമ്പാട് വരെയും മാണൂര്‍ മുതല്‍ നടക്കാവ് വരെയും സംഘടിപ്പിച്ച റാലിയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് അണിനിരന്നത്. എടപ്പാള്‍ നടന്ന പരിപാടിയില്‍ ഡോ.കെ.ടി ജലീല്‍ എം.എല്‍.എ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്ങില്‍, പൊന്നാനി എക്സൈസ് ഓഫീസര്‍ ഇ.ജിനീഷ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കുറ്റിപ്പുറം കാവുമ്പുറത്ത് തീര്‍ത്ത മനുഷ്യശൃംഖലയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  വസീം വേളേരി നേതൃത്വം നല്‍കി. കുറ്റിപ്പുറം നഗരത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ഫസീന അഹമ്മദ്കുട്ടി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വളാഞ്ചേരിയില്‍ നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ മനുഷ്യശൃംഖലയ്ക്ക് നേതൃത്വം നല്‍കി. കോട്ടയ്ക്കലില്‍ നഗരസഭ അധ്യക്ഷ ബുഷ്റ ഷബീര്‍ ലഹരിമുക്ത മനുഷ്യശൃംഖലയ്ക്ക് നേതൃത്വം വഹിച്ചു. കുടുംബശ്രീ അംഗങ്ങള്‍, വ്യാപാരി വ്യവസായികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ നിന്നും മനുഷ്യശൃംഖലയുടെ ഭാഗമായി.
എടവണ്ണ പഞ്ചായത്ത് തൃക്കലങ്ങോട് പാണ്ടിയാട് ഭാഗത്ത് മനുഷ്യ ശ്യംഖലയില്‍ എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ടി. അഭിലാഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, വണ്ടൂര്‍ ഗ്രേസ് സ്‌കൂള്‍, പത്തപ്പിരിയം യുപി സ്‌കൂള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ എടവണ്ണ അതിര്‍ത്തിയില്‍ കണ്ണികളായി.
വണ്ടൂരില്‍ എ.പി അനില്‍കുമാര്‍ എം.എല്‍.എ ശൃംഖലയുടെ ഭാഗമായി. വണ്ടൂര്‍ വി. എം.സി ഹൈസ്‌കൂള്‍ മുതല്‍ വാണിയമ്പലം ജി. എച്ച്.എസ്.എസ് മൈതാനം വരെ നാലര കിലോമീറ്റര്‍ നീളുന്നതായിരുന്നു പ്രതിരോധ മഹാശൃംഖല. ജില്ലാ പഞ്ചായത്തംഗം കെ.ടി അജ്മല്‍, ഡിഇഒ ഉമ്മര്‍ എടപ്പറ്റ, സിഐഇ ഗോപകുമാര്‍, വണ്ടൂര്‍ വികസന ഫോറം പ്രസിഡന്റ് അക്ബര്‍ കരുമാര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്  കെ.സി കുഞ്ഞിമുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് ഇ.സിത്താര തുടങ്ങിയവര്‍ ലഹരിക്കെതിരെയുള്ള പ്രതിഷേധ ശൃംഖലക്ക് നേതൃത്വം നല്‍കി.
നിലമ്പൂരില്‍ വടപുറം മുതല്‍ വെളിയംതോട് വരെ ആയിരങ്ങള്‍ മനുഷ്യശൃംഖലയില്‍ പങ്കാളികളായി. നിലമ്പൂര്‍ നഗരസഭയുടെ അതിര്‍ത്തിയായ വടപുറം പാലത്തിന് സമീപത്തു നിന്നും തുടങ്ങിയ മനുഷ്യശൃംഖലയില്‍ സിനിമ നാടക നടി നിലമ്പൂര്‍ ആയിശ ആദ്യ കണ്ണിയായി. നഗരസഭ അധ്യക്ഷന്‍ മട്ടുമ്മല്‍ സലീം, ഉപാധ്യക്ഷന്‍ അരുമ ജയകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം ബഷീര്‍, കക്കാടന്‍ റഹീം, സക്കറിയ ക്‌നാ തോപ്പില്‍, കൗണ്‍സിലര്‍മാര്‍, സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികള്‍, അധ്യാപകര്‍, എസ്.പി.എസ് കേഡറ്റുകള്‍, സ്‌കൗട്ട്‌സ് ആൻ്റ്  ഗൈഡസ്, വ്യാപാരികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കാളികളായി


ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ മറ്റു വിദ്യാഭാസ സ്ഥാപനങ്ങളില്‍ നിന്നുള്ള അധ്യാപക- വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മതനേതാക്കള്‍, വിവിധ സംഘടന പ്രതിനിധികള്‍, ക്ലബ് പ്രതിനിധികള്‍, യുവാക്കള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ ലഹരിക്കെതിരെ നടത്തിയ പോരാട്ടത്തിൻ്റെ ഭാഗമായി. മയക്കുമരുന്ന് വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന ബോധവല്‍ക്കരണത്തിൻ്റെ ഭാഗമായാണ് ജില്ലയില്‍ 83 കിലോമീറ്റര്‍ ദൂരത്തില്‍ മനുഷ്യശൃംഖല തീര്‍ത്തത്. ഒക്ടോബര്‍ ആറിന് ആരംഭിച്ച ക്യാമ്പയിന്റെ ആദ്യഘട്ടമാണ് മനുഷ്യ ശൃംഖലയോടെ സമാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp