സംസ്ഥാന സാക്ഷരതാമിഷൻ്റെ പത്താംതരം തുല്യതാ കോഴ്‌സിന്റെ 15ാം ബാച്ച് പരീക്ഷയില്‍ ജില്ലക്ക് മികച്ച വിജയം. 1643 പഠിതാക്കള്‍ പരീക്ഷ എഴുതിയതില്‍ 1508 പേര്‍ വിജയിച്ചു. 91.8 ശതമാനമാണ് വിജയശതമാനം. പരീക്ഷ വിജയിച്ചവരില്‍ 622 പേര്‍ പുരുഷന്‍മാരും 886 പേര്‍ സ്ത്രീകളുമാണ്. 163 പേര്‍ പട്ടിക ജാതിക്കാരും ഏഴ് പേര്‍ പട്ടിക വര്‍ഗക്കാരുമാണ്. അരീക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷ എഴുതിയ കെ.എ ഉമ്മുഹബീബ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടുണ്ട്. വിവിധ കാരണങ്ങളാല്‍ പഠനത്തിന് അവസരം ലഭിക്കാത്തവരും ഇടക്ക് വച്ച് പഠനം നിര്‍ത്തേണ്ടി വന്നവരുമായ സമൂഹത്തിൻ്റെ വിവിധ തലങ്ങളിലുളളവരാണ് തുല്യതാ കോഴ്‌സിന് പഠനം നടത്തിയിരുന്നത്. പത്താംതരം തുല്യതാ കോഴ്‌സിൻ്റെ 15ാം ബാച്ചിലെ പഠിതാക്കള്‍ക്ക് ജില്ലയില്‍ 34 കേന്ദ്രങ്ങളില്‍ സമ്പര്‍ക്ക പഠന ക്ലാസുകള്‍ നടത്തിയിരുന്നു. ഈ വര്‍ഷം പത്താംതരം തുല്യതാ പരീക്ഷാ വിജയികള്‍ക്ക് ഇപ്പോള്‍ നടക്കുന്ന ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സില്‍ ചേരാന്‍ അവസരമുണ്ടാകും.