ഭാഷ ഒരു ആശയ വിനിമയ ഉപാധി മാത്രമല്ല, സംസ്‌കാരത്തിൻ്റെ കൂടി ഭാഗമെന്ന് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മലയാള സര്‍വകലാശാലയുടെ പത്താം വാര്‍ഷികാഘോഷവും മലയാള വാരാഘോഷവുമായ ‘ഓര്‍ച്ച 2022’ ൻ്റെ ഭാഗമായുള്ള കേരളീയ ബഹുസ്വര പൈതൃകങ്ങള്‍ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പല സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷകള്‍ പിന്തള്ളപ്പെടുമ്പോള്‍ കേരളത്തില്‍ ഭരണ ഭാഷയായി സ്വീകരിച്ചതിലൂടെ മലയാള ഭാഷയ്ക്ക് പ്രഥമ പരിഗണയാണ് ലഭിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അമ്മയോടുള്ള സ്നേഹം എന്ന പോലെ ഓരോ പ്രദേശക്കാര്‍ക്കും അവരുടെ മാതൃഭാഷയോട് സ്നേഹമുണ്ടാകും. അതേസമയം ഇത്തരം പ്രാദേശിക ഭാഷകളെ അവഗണിച്ച് ഏതെങ്കിലും ഒരു പ്രത്യേക ഭാഷ മാത്രമേ അനുവദിക്കൂ എന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

സര്‍വകലാശാല വാക്കാട് കാമ്പസില്‍ നടന്ന പരിപാടിയില്‍ വൈസ്ചാന്‍സിലര്‍ ഡോ. അനില്‍ വള്ളത്തോള്‍ അധ്യക്ഷനായി. ഇ.കെ ഗോവിന്ദവര്‍മ രാജ മുഖ്യപ്രഭാഷണം നടത്തി. ഡോ. എല്‍.ജി ശ്രീജ, വിദ്യാര്‍ഥി യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടുവട്ടം ഗ്രാമണി എന്‍ലൈറ്റന്‍ വില്ലേജ് അവതരിപ്പിച്ച വെഡിങ് ആനിവേഴ്സറി നാടകം അരങ്ങേറി. നവംബര്‍ ഏഴിന് നടക്കുന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനാവും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.

ഓരോ സര്‍വകലാശാലകള്‍ക്കും തനതായ ജൈവിക സ്വഭാവമുണ്ടെന്നും ഇത്തരത്തില്‍ മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും കേരളീയ സംസ്‌കാരത്തിൻ്റെയും സംരക്ഷണവും പ്രചാരണവുമെന്ന നാനാമുഖ ഉത്തരവാദിത്തമാണ് മലയാള സര്‍വകലാശാലയ്ക്കുള്ളതെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ പത്താം വാര്‍ഷികാഘോഷവും മലയാള വാരാഘോഷവുമായ ‘ഓര്‍ച്ച 2022’ന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മലയാള സര്‍വകലാശാലയ്ക്കായുള്ള 139 കോടി രൂപയുടെ ആസ്ഥാന മന്ദിരത്തിന്റെ പ്രൊപ്പോസല്‍ ധനവകുപ്പിൻ്റെ പരിഗണയിലാണെന്നും പദ്ധതി വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ സര്‍വകലാശാലകളില്‍ അന്താരാഷ്ടട്ര നിലവാരമുള്ള ഹോസ്റ്റല്‍ മുറികള്‍ ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി മലയാള സര്‍വകലാശാലയിലും ഹോസ്റ്റല്‍ സൗകര്യം ഒരുക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഏതൊരാളുടെയും ബോധം രൂപപ്പെടുന്നത് മാതൃഭാഷയിലാണെന്നതിനാല്‍ ആ ഭാഷ ഇല്ലാതാകുന്നതോടെ ബന്ധപ്പെട്ട ജനതയുടെ ആത്മാഭിമാനം നഷ്ടപ്പെടുകയും അവര്‍ നിശബ്ദരാക്കപ്പെടുകയും ചെയ്യും. അതിനാല്‍ മാതൃഭാഷ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. നവ വൈജ്ഞാനിക സമൂഹത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. കാമ്പസുകളില്‍ നിന്നുള്ള നവീന ആശയങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്നതിനോടൊപ്പം ഓരോ കലാലയവും ഉത്പാദിപ്പിക്കുന്ന സവിശേഷും പ്രായോഗികവുമായ അറിവുകള്‍ സൂഹത്തിന് കൈമാറാനാകണം. ഇത്തരത്തില്‍ അതിസാധാരണക്കാരിലും യുക്തിബോധവും പുരോഗമന നിലപാടുകളും സൃഷ്ടിക്കുന്നതില്‍ ഏറ്റവും ഉത്തരവാദിത്തപ്പെട്ടവരാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനായി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, നിര്‍വാഹക സമിതി അംഗങ്ങളായ ഡോ. സ്മിത കെ. നായര്‍, ഡോ. കെ.വി ശശി, ആശിഷ് സുകു, ഫിനാന്‍സ് ഓഫീസര്‍ മരിയറ്റ് തോമസ്, എഴുത്തച്ഛന്‍ പഠനസ്‌കൂള്‍ ഡയറക്ടര്‍ ഡോ. കെ.എം അനില്‍, രജിസ്ട്രാര്‍ ഡോ. പി.എം റെജിമോന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. പരിപാടിയുടെ ഭാഗമായി മലയാള സര്‍വകലാശാല പ്രസദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp