ഫിഷറീസ് മേഖലയിലെ വിദ്യാലയങ്ങളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. 2021-22 വര്‍ഷത്തില്‍ പത്ത്, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം താനൂര്‍ ടീവീസ് ഹാളില്‍ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറത്തൂരിൽ തോണി മറിഞ്ഞു മരിച്ച മത്സ്യത്തൊഴിലാളികളുടെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി മൗനം ആചരിച്ചു കൊണ്ടായിരുന്നു പരിപാടി ആരംഭിച്ചത്.

മത്സ്യത്തൊഴിലാളികളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനു വേണ്ടിയാണ്‌ മത്സ്യഫെഡ് രൂപീകരിച്ചത്. മത്സ്യഫെഡ് ഇന്ത്യക്കു മാത്രമല്ല ഏഷ്യക്കും കൂടിയുള്ള അംഗീകാരമാണ്. തീരദേശ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള സഹായം ചെയ്തുകൊടുത്ത് മുന്നോട്ടുകൊണ്ടുവരാൻ രക്ഷിതാക്കളും നാട്ടുകാരും ശ്രദ്ധിക്കണം. കേരളത്തിൽ ഉന്നത വിദ്യാഭ്യാസം ഏറ്റവും അധികം തിരഞ്ഞെടുക്കുന്നതും അഡ്മിഷൻ ലഭിക്കുന്നതും പെൺകുട്ടികൾക്കാണ്. അവരെ തടസപ്പെടുത്താതെ പഠിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യമേഖലയിലെ പരിഷ്കാരങ്ങൾ ഉൾക്കൊള്ളാനും അവ ഉപയോഗപ്പെടുത്താനും തീരദേശത്തുള്ളവർ തയ്യാറാവണം. മണ്ണെണ്ണ എൻജിൻ ഉപയോഗിക്കുന്ന വള്ളങ്ങൾക്ക് പകരം പെട്രോളോ ഡീസലോ ഉപയോഗിച്ചോടുന്ന വള്ളങ്ങൾ ഉപയോഗിക്കണം. സാമ്പത്തികമായ ആദായം മാത്രമല്ല ആയക്കടൽ മത്സ്യബന്ധനത്തിനും ഇതാണ് ഫലപ്രദം. എൻജിൻ മാറ്റുന്നതിനായി 40 ശതമാനം സബ്സിഡി ഇപ്പോൾ നൽകി വരുന്നുണ്ട്. അടുത്ത ബജറ്റിൽ അത് വർധിപ്പിക്കും. ഇതൊക്കെ ഉപയോഗപ്പെടുത്തി കാര്യമായി മാറ്റം മത്സ്യംബന്ധന മേഖലയിൽ കൊണ്ടുവരാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. ആഴക്കടൽ മത്സ്യബന്ധനത്തിനായി 25 മീറ്റർ നീളമുള്ള 10 പുതിയ യാനങ്ങൾ ഉടൻ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു..

പരിപാടിയില്‍ മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ അധ്യക്ഷത വഹിച്ചു. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ വിശിഷ്ടാതിഥിയായിരുന്നു. മത്സ്യഫെഡ് മാനേജിങ് ഡയറക്ടർ ഡോ ദിനേശൻ ചെറുവാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.മത്സ്യഫെഡ് ജില്ലാ മാനേജർ ഇ മനോജ്, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ സിപി രാമദാസ്, രഘുനാഥൻ, കാറ്റാടി കുമാരൻ, പൊന്നാനി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിഷറീസ് ബേബി ഷീജ കോഹൂർ, കെ ബൈജു, പി.പി സൈതലവി, കെ എ റഹീം, ഹുസൈൻ ഈസ് പാടത്ത്, മുസ്തഫ വടക്കയിൽ എന്നിവർ പങ്കെടുത്തു.

തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്നുള്ള ആദ്യ ഡോക്ടറായ സുല്‍ഫത്തിനെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബിഎ ഇസ്ലാമിക് ഹിസ്റ്ററിയിൽ നാലാം റാങ്ക് നേടിയ റിസ് വാന റിസ്മാനെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

മത്സ്യത്തൊഴിലാളി സമൂഹത്തിൻ്റെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം, മത്സ്യ മേഖലയിൽ ഉല്പാദനം, സംഭരണം, സംസ്കരണം, വിപണനം എന്നീ എല്ലാ അടിസ്ഥാന മേഖലകളിലുമുള്ള വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് കഴിഞ്ഞ മൂന്നര ദശാബ്ദമായി മത്സ്യഫെഡ് പ്രവർത്തിച്ചുവരുന്നു.

ഇതിൻ്റെ ഭാഗമായാണ് മത്സ്യത്തൊളിലാളി കുടുംബങ്ങളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകി പ്രോത്സാഹിപ്പിച്ചു വരുന്നത്.

“മികവ് ” എന്ന പേരിൽ എല്ലാ വർഷവും ഉന്നത വിജയം കൈവരിച്ച മത്സ്യത്തൊളിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഫലകങ്ങളും നൽകി വരുന്നുണ്ട്. ഇതിനു പുറമെ മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജരായിരുന്ന അന്തരിച്ച വി.ആർ. രമേഷിൻ്റെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഭാര്യ ശ്രീജയ മത്സ്യഫെഡിന് നൽകിയിട്ടുള്ള 60,000 രൂപയുടെ സ്ഥിരനിക്ഷേപത്തിൻ്റെ പലിശ ഉപയോഗിച്ച് പ്ലസ് ടു പരീക്ഷയിൽ ഫിസിക്സ്, ബയോളജി വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക വിദ്യാഭ്യാസ അവാർഡും എല്ലാ വർഷവും നൽകി വരുന്നു.

3000 രൂപാ വീതം ക്യാഷ് അവാർഡും ഫലകങ്ങളുമാണ് മികവ് 2022 ൻ്റെ ഭാഗമായി വിദ്യാർഥികൾക്ക് ഈ വർഷം വിതരണം ചെയ്യുന്നത്. 17.50 ലക്ഷം രൂപയുടെ അവാർഡ് വിതരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനമാണ് താനൂരിൽ മന്ത്രി നിർവഹിച്ചത്. മലപ്പുറം ജില്ലയിൽ 44 വിദ്യാർഥി കൾ ക്യാഷ് അവാർഡിനും ഫലകത്തിനും അർഹരായി .

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp