വിവര-സാങ്കേതിക മേഖലയുള്‍പ്പടെയുള്ളവയുടെ നന്മകളെ തിരിച്ചറിയാനും സ്വീകരിക്കാനുമാണ് വിദ്യാര്‍ത്ഥി സമൂഹം തയ്യാറാകേണ്ടതെന്ന് പി. ഉബൈദുള്ള എം.എല്‍.എ. അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് വനിതാ-ശിശു വികസന വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ബാലാവകാശ വാരാഘോഷത്തിലെ ‘കുട്ടികള്‍ക്കൊപ്പം’ പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ലഹരി മാഫിയകള്‍ വിദ്യാര്‍ത്ഥികളെ വട്ടമിട്ട് പറക്കുന്ന ഇക്കാലത്ത് അതിജീവിച്ച് നില്‍ക്കാനുള്ള കരുത്താര്‍ജ്ജിക്കുകയാണ് വേണ്ടതെന്നും അല്ലാതെ ചെറിയ പരാജയങ്ങളുടെ പേരില്‍ ജീവിതം അവസാനിപ്പിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും എം.എല്‍.എ പറഞ്ഞു.

ജില്ലയിലെ ബാലസംരക്ഷണ മേഖലയിലെ വിവിധ കര്‍ത്തവ്യ വാഹകരാണ് കുട്ടികളുമായി ആശയവിനിമയം നടത്തിയത്. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ ബാല സംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍, ‘ഔര്‍ റസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളിലെ തെരഞ്ഞെടുത്ത കുട്ടികള്‍ ഉള്‍പ്പടെ 200 കുട്ടികളാണ് പങ്കെടുത്തത്. സിവില്‍ സര്‍വീസ്, വിദ്യാര്‍ത്ഥി രാഷ്ട്രീയം, മാധ്യമ പ്രവര്‍ത്തനം, അതിക്രങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്ക് ലഭിക്കേണ്ട നിയമ പരിരക്ഷ, പത്ര-ദൃശ്യമാധ്യമങ്ങളില്‍ കുട്ടികളുടെ സ്വകാര്യത വെളിപ്പെടുന്നത്, വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍, സ്ത്രീകളുടെ നിയമസഭാ പ്രാധിനിത്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്  എം.കെ റഫീഖ, അസിസ്റ്റൻ്റ്  കലക്ടര്‍ കെ.മീര, ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.സി റജില്‍, സി.ഡബ്ലു.സി അംഗം ശ്രീജ പുളിക്കല്‍, ഡി.വൈ.എസ്.പി അബ്ദുല്‍ ബഷീര്‍, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സപ്ന, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. പ്രഭുദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, പ്രസ്‌ക്ലബ് പ്രസിഡൻ്റ്  വിമല്‍ കോട്ടക്കല്‍, ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറര്‍ നൗഷാദ് കളപ്പാടാന്‍, സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ്, വനിതാ ശിശു വികസന വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി കുട്ടികള്‍ സംവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp