പാഠ്യ പദ്ധതിയുമായി ബന്ധപ്പെട്ടു ചർച്ചകൾ സജീവമാകുന്ന ഒരു വേദിയിലും , ലൈബ്രറിയെ ഒരു മുഖ്യ ഘടകമായി ഉൾക്കൊള്ളാത്തത് എന്തു കൊണ്ടാണ്? വായന ഒരു സംസ്ക്കാരമാണ്. വളർന്നു വരുന്ന പുതു തലമുറയാണ് ,നാളെയുടെ വാഗ്ദാനങ്ങൾ . നാടിനെയും ചുറ്റുപാടിനെയും അറിഞ്ഞു വളരുന്ന ഒരു ബാല്യത്തിനേ സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരൻമാർ ആകുവാൻ സാധിക്കുകയുള്ളൂ. പ്രൈമറി തലം മുതൽ തന്നെ ചെറിയ തോതിലെങ്കിലും വായനക്ക് പ്രാധാന്യം നൽകുന്ന തരത്തിൽ ആഴ്ചയിൽ ഒരു പിരിയഡ് എങ്കിലുംഅത്യാവശ്യമാണ്. എന്നാൽ സ്കൂൾ തലങ്ങളിൽ ലൈബ്രറിയും, യോഗ്യരായ ലൈബ്രേറിയൻമാരും എന്നത് വെറും ചിന്തയിൽ മാത്രം ഒതുങ്ങുന്നു. ഒരു പരിധി വരെ ചിന്തയിൽ നിന്നും അന്യം നിൽക്കുന്നു. എല്ലാ വിഷയങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ആവിഷ്കരിച്ച ഹയർ സെക്കണ്ടറി തലത്തിൽ പോലും ലൈബ്രറി സയൻസ് ഒരു പ്രധാന വിഷയമായി കാണാറില്ല. ലൈബ്രറിക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഒരു ടൈം ടേബിൾ സ്കൂൾ തലത്തിലും, ഹയർ സെക്കണ്ടറി തലത്തിലും പതിവില്ല. എന്നാൽ ബിരുദതലത്തിലെ ക്യാമ്പസുകളിൽ ലൈബ്രറി വളരെ പ്രാധാന്യത്തോടെ കണ്ടു വരാറും ഉണ്ട്. പത്തു പന്ത്രണ്ടു വർഷമായി കുട്ടികൾക്ക് പരിചയമില്ലാത്ത ഒരു ശീലം കേവലം മൂന്നു വർഷം കൊണ്ട് ശീലിപ്പിച്ചെടുക്കൽ വളരെ കഷ്ടം എന്ന് പറയാതെ വയ്യ.

ലൈബ്രറി സയൻസിൽ ബിരുദവും, ബിരുദാനന്തര ബിരുദവും യോഗ്യതയായുള്ള എത്രയോ ഉദ്യോഗാർത്ഥികൾ തൊഴിൽ രഹിതരായി തന്നെ നിൽക്കുമ്പോൾ ആവശ്യത്തിൽ അധികം ജോലിഭാരം ഉള്ളവരായ , മറ്റു വിഷയങ്ങൾ പഠിച്ച് അധ്യാപകരായവരെ ലൈബ്രറി ഏൽപ്പിക്കുന്ന രീതിയിൽ ഒരു മാറ്റത്തെ കുറിച്ച് ഒന്ന് ചിന്തിച്ചു കൂടെ?


വായനയെ പരിപോഷിപ്പിക്കുന്നതിനും, ലഹരി പോലുള്ള മറ്റു മോശം ചിന്തകളിലേക്ക് കുട്ടികൾ വഴി തെറ്റി പോവാതിരിക്കുവാൻ പഞ്ചായത്ത്, പൊതു വായനശാലകൾ സന്ദർശിക്കുന്നതിനും. വായനയുമായി ബന്ധപ്പെട്ട മത്സരങ്ങൾ , പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിനും പാഠ്യപദ്ധതിയിൽ സമയം ഉൾക്കൊള്ളിക്കണം. പത്ര വായന പ്രോത്സാഹിപ്പിക്കണം. പൊതുവായ അറിവുകൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ ലൈബ്രറികളിൽ ലഭ്യമാവണം. വായിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കണം. ലൈബ്രറി  എന്നത് ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെയും പ്രധാന ഭാഗമായി മാറണം.

വായിച്ചാലും വളരും,
വായിച്ചില്ലെങ്കിലും
വളരും.
വായിച്ചു വളർന്നാൽ
വിളയും,
വായിക്കാതെ
വളർന്നാൽ
വളയും.

എന്ന കുഞ്ഞുണ്ണി മാഷുടെ ഈ വരികളെ ഓർമ്മിപ്പിച്ചുകൊണ്ട്, ഒരു മാറ്റം പ്രതീക്ഷിക്കുന്നു.

Smitha Pramod Ramapuram
College Librarian
GEMS COLLEGE
9846133248

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp