സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്രയ്ക്ക് യാതൊരു വിലയും കൽപ്പിക്കാതെ കുട്ടികളെ കുത്തിനിറച്ച് സർവീസ് നടത്തുന്ന സ്കൂൾ വാഹനവും കോൺടാക്ട് ക്യാരേജ്(കൂയിസർ ) വാഹനവും മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ദേശീയ സംസ്ഥാന പാതകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ദേശീയപാത അതിരുമടയിൽ പരിശോധന നടത്തുമ്പോൾ കുട്ടികളുമായി വരുന്ന മാറാക്കര സ്കൂളിലെ വാഹനമാണ് പിടിച്ചെടുത്തത്. സ്കൂൾ വാഹനത്തിൻ്റെ ഫിറ്റ്നസ് ഉദ്യോഗസ്ഥർ റദ്ദാക്കി. സ്കൂൾ വാഹനത്തിൻ്റെ മുന്നിലെ ഗ്ലാസ് ഇല്ലാത്തതിനാലും ഡീസൽ പൈപ്പ് ലീക്കായിരുന്നതിനാലുമാണ് ഫിറ്റ്‌നസ് റദ്ദക്കിയത്. കൂടാതെ ജിപിഎസ് വേണ്ട വിധം പ്രവർത്തനമില്ലായിരുന്നു. സ്കൂൾ വാഹനത്തിൽ ആയ ഇല്ലാത്തതും മെക്കാനിക്കൽ കണ്ടീഷൻ മോശം അവസ്ഥയായതും സ്കൂൾ വാഹനത്തിൻ്റെ ഫിറ്റ്നസ് റദ്ദാക്കാൻ കാരണമായി. സ്കൂൾ അധികൃതരെ വിവരമറിയിച്ച് മറ്റൊരു വാഹനത്തിൽ കുട്ടികളെ സുരക്ഷിതമായി സ്കൂളിലെത്തിക്കാൻ നടപടി സ്വീകരിച്ചു. സ്കൂൾ അധികൃതർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർക്ക് ശുപാർശ ചെയ്യുമെന്ന് എംവിഐ പി.കെ മുഹമ്മദ് ഷഫീക്ക് പറഞ്ഞു.എൻഫോഴ്സ്മെൻ്റ്  വിഭാഗം എംവിഐ പി.കെ മുഹമ്മദ് ഷഫീഖ്, എ.എം വിഐ കെ.ആർ ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

കുറ്റിപ്പാല പരിശോധന നടത്തുന്നതിനിടയിൽ ചെറിയ കുട്ടികളെ കൊണ്ടു പോകുന്ന കോൺടാക്ട് ക്യാരേജ്( കൂയിസർ) വാഹനവും പിടിച്ചെടുത്തു. ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ്, പെർമിറ്റ് തുടങ്ങിയ ഒരു രേഖകളുമില്ലാതെയാണ്‌
സ്കൂൾ കുട്ടികളെ കുത്തി നിറച്ചോടിയത്.
നിയമത്തെ വെല്ലുവിളിച്ചും
സ്കൂൾ കുട്ടികളുടെ യാത്രയ്ക്ക് യാതൊരു സുരക്ഷ കൽപ്പിക്കാതെയും സർവീസ് നടത്തിയ കോൺടാക്ട് ക്യാരേജ് വാഹനത്തിനെതിരെ ഉദ്യോഗസ്ഥർ കേസെടുത്തു. കുറ്റിപ്പാല സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്ന വാഹനമായിരുന്നു ഇത്.രക്ഷിതാക്കളെ വിളിച്ചുവരുത്തി മറ്റൊരു വാഹനത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ നടപടി സ്വീകരിച്ചു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിൽ നേരിട്ടെത്തി സ്കൂളിലെ പ്രധാന അധ്യാപകനെ കാണുകയും സ്കൂളിലേക്ക് വരുന്ന ഓരോ കുട്ടിയുടെയും യാത്ര സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp