ഏറ്റവും മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. തിരുന്നാവായ എടക്കുളം ജി.എം.എല്‍.പി സ്‌കൂളിൻ്റെ 111 ാം വാര്‍ഷികവും പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനവും ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ മേഖലയില്‍ എറ്റവും അധികം തുക ചെലവഴിച്ചിട്ടുള്ളത് ജില്ലയിലാണ്. ഇനിയും ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാണ്. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കത്തിലൂടെ ആവശ്യപ്പെട്ടത് പ്രകാരം മുഖ്യമന്ത്രി നല്‍കുന്ന സമ്മാനമാണ് പുതിയ കെട്ടിടമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
85 ലക്ഷം ചെലവഴിച്ച് മൂന്ന് നിലകളിലായി 483.28 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ആറ് ക്ലാസ് മുറികളും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയും നാല് ശുചി മുറികളുമാണ് സ്‌കൂളില്‍ ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് വേണ്ടി സ്‌കൂളില്‍ അധ്യപകര്‍ നിര്‍മിച്ച കളിപ്പൊയ്കയുടെ ഉദ്ഘാടനം തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  സുഹറാബി കൊട്ടാരത്ത് നിര്‍വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു. സൈനുദ്ധീന്‍ ഉപഹാര സമര്‍പ്പണം നടത്തി. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി മുസ്തഫ, ജില്ലാ പഞ്ചായത്തംഗം ഫൈസല്‍ എടശ്ശേരി, ബ്ലോക്ക് പഞ്ചായത്തംഗം എം.പി മുഹമ്മദ്‌കോയ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മാമ്പറ്റ ദേവയാനി, നാസര്‍ ആയപ്പള്ളി, സീനത്ത്ജമാല്‍, വാര്‍ഡ് അംഗങ്ങളായ ചിറക്കല്‍ ജവാദ്, സി.വി അനീഷ, ഇ.പി മൊയ്തീന്‍കുട്ടി, സ്വാഗത സംഘം ചെയര്‍മാന്‍ തേക്കില്‍ മുഹ്‌സിന്‍, പ്രധാനാധ്യാപിക യു. പ്രമീള, പി.ടി.എ പ്രസിഡൻ്റ് റസിയ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. വിദ്യാകരണം കോര്‍ഡിനേറ്റര്‍ എം. മണി പദ്ധതി വിശദീകരണവും പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഗോപന്‍മുക്കുളത്ത് സാങ്കേതിക റിപ്പോര്‍ട്ട് അവതരണവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp