ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. പണം സമ്പാദിക്കാനുള്ള ആര്‍ത്തിയും ആര്‍ഭാട ജീവിതം നയിക്കാനുള്ള ത്വരയുമാണ് ലഹരി വിപണനവും ഉപഭോഗവും സമൂഹത്തില്‍ വര്‍ധിക്കാന്‍ കാരണമെന്നും ലളിത ജീവിതം നയിക്കുന്നതിന് സമൂഹത്തെ പ്രാപ്തരാക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിൻ്റെ ‘ലഹരിവിമുക്ത കേരളം’ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് സമാപനം കുറിച്ച് എക്സൈസ് വിമുക്തി മിഷൻ്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ലഹരിയില്ലാ തെരുവ്’ മലപ്പുറം എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബത്തിലെ ചെലവ് വര്‍ധിക്കാനും കടം വര്‍ധിക്കാനും കാരണം മദ്യത്തിൻ്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉപഭോഗമാണെന്ന് പഠനങ്ങള്‍ പറയുന്നു. ആര്‍ഭാടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം. ആര്‍ഭാടം മോശമാണെന്ന ചിന്താഗതി സമൂഹത്തില്‍ ഉണ്ടാക്കാന്‍ കുട്ടികള്‍ക്കാവണം. കുട്ടികളെ ഉപയോഗിച്ച് ലഹരി കടത്ത് നടത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്നും ഇതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പി. ഉബൈദുല്ല എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ. താജുദ്ദീന്‍ കുട്ടി, അസി. എക്സൈസ് കമ്മീഷണര്‍ വേലായുധന്‍ കുന്നത്ത്, വിമുക്തി മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഗാഥാ എം ദാസ്, കെ.എസ്.ഇ.എസ്.എ മുന്‍ സംസ്ഥാന പ്രസിഡൻ്റ്  രാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറി ജിനീഷ്, എന്നിവര്‍ പ്രസംഗിച്ചു.
ക്യാമ്പയിന്‍ സമാപനത്തിൻ്റെ ഭാഗമായി മലപ്പുറം കുന്നുമ്മല്‍, മലപ്പുറം എം.എസ്.പി.എച്ച്.എസ്.എസ്.എസ് എന്നിവിടങ്ങളില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ 28 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 260 കുട്ടികള്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp