മലപ്പുറം ജില്ലയിലെ12 പൊതുവിദ്യാലയങ്ങളിൽ വെതർ സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു
നടപ്പിലാക്കുന്നത് ‘കേരള സ്‌കൂൾ വെതർ സ്റ്റേഷൻ’ പദ്ധതി പ്രകാരം
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന പദ്ധതി ജില്ലയിൽ അന്തിമഘട്ടത്തിൽ. സമഗ്രശിക്ഷാ കേരളമാണ് ‘കേരള സ്‌കൂൾ വെതർ സ്റ്റേഷൻ’ പദ്ധതിയിലൂടെ സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ‘ജ്യോഗ്രഫി’ പ്രധാന വിഷയമായിട്ടുള്ള 240 കേന്ദ്രങ്ങളിലാണ് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. ഓരോ ദിവസവും അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നതിനും രേഖപ്പെടുത്തുന്നതിനും അതുവഴി നിശ്ചിത കാലാവസ്ഥാ ഡാറ്റകൾ തയ്യാറാക്കാനും വിദ്യാർഥികൾക്ക് ഇതിലൂടെ സാധിക്കും. ഭൂമിശാസ്ത്ര പ്രവർത്തനങ്ങളുടെ തുടർച്ചയെന്ന നിലയിലുള്ള വെതർ സ്റ്റേഷനുകൾ ജില്ലയിൽ 19 വിദ്യാലയങ്ങളിലാണ് ആരംഭിക്കുന്നത്. നിലവിൽ 12 വിദ്യാലയങ്ങളിൽ പദ്ധതി പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. അഞ്ച് വിദ്യാലയങ്ങളിൽ ഉദ്ഘാടനം നടക്കാനിരിക്കുകയാണ്. എയ്ഡഡ് സ്‌കൂളുകളായ എം.എം.എം.എച്ച്.എസ്.എസ് കൂട്ടായി, വിവേകാനന്ദ എച്ച്.എസ്.എസ് പാലേമാട് എന്നിവർക്ക് പദ്ധതി ആരംഭിക്കുന്നതിനായി തുക അനുവദിക്കുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച വെതർ സ്റ്റേഷൻ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ദിവസങ്ങൾക്ക് മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നു. ഇതോടെ സ്വന്തമായി കാലാവസ്ഥാ നിരീക്ഷണ സംവിധാനമുള്ള സ്‌കൂളുകളുടെ പട്ടികയിൽ തിരൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളും ഉൾപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp