വേനലവധിക്കാലത്ത് നടക്കുന്ന സ്‌കൂൾ, പ്രീസ്‌കൂൾ പ്രവേശന പരീക്ഷകൾക്ക് തടയിടാൻ ചൈൽഡ് ലൈൻ മുന്നിട്ടിറങ്ങുന്നു. ആറു വയസിന് താഴെയുള്ള കുട്ടികളെ സ്‌കൂളുകളിലോ പ്രീ സ്‌കൂളുകളിലോ ചേർക്കാൻ പ്രവേശന പരീക്ഷയോ മറ്റു അഭിമുഖമോ നടത്തുന്ന സ്‌കൂളുകളെ ചൈൽഡ് ലൈൻ നിരീക്ഷിക്കും. ഇത്തരം പരീക്ഷകളും പരിശോധനകളും വിദ്യാഭ്യാസ അവകാശ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. എഴുത്തും വായനയുമായി ബന്ധപ്പെട്ട തലച്ചോറിൻ്റെ പ്രതീകമായ ‘ഇൻഫീരിയർ പാമൈറ്റൻ ലോബിയുൾ’ പൂർണ വളർച്ചയെത്തുന്നത് അഞ്ച്, ആറ് വയസുകളിലാണ്. ഈ യാഥാർഥ്യം ഉൾക്കൊണ്ടാണ് കുട്ടികളെ വിദ്യാലയത്തിൽ ചേർക്കേണ്ട പ്രായം ആറ് വയസാണെന്ന് സുപ്രീം കോടതി വിധിച്ചത്. സി.ബി.എ.ഇ സ്ഥാപനങ്ങളിൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിലേക്ക് എഴുത്തുപരീക്ഷയും മറ്റും നടത്തുന്നതായി ചൈൽഡ്‌ലൈനിൽ പരാതി ലഭിച്ചിട്ടുണ്ട്. ഇതും ചൈൽഡ്‌ലൈൻ നിരീക്ഷിക്കും. ബാലാവകാശ കമ്മീഷൻ്റെ ഉത്തരവ് പ്രകാരം മധ്യവേനലവധി കാലത്ത് സ്‌കൂളുകളിൽ ക്ലാസുകൾ നടത്തുന്നതും ചൈൽഡ്‌ലൈനിൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അപ്പർ പ്രൈമറി തലംവരെ പഠിക്കുന്ന കുട്ടികൾക്ക് മധ്യവേനലവധിയിൽ ക്ലാസുകൾ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെ വേനൽ അവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നതിനായി പല സ്‌കൂളുകളിലും സജ്ജീകരണങ്ങൾ ആരംഭിച്ചതായി ചൈൽഡ് ലൈനിൽ പരാതി ലഭിക്കുന്നുണ്ട്. ഈ സ്‌കൂളുകളെയും ചൈൽഡ് ലൈൻ നിരീക്ഷിക്കും. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ 1098 ലോ 04832730738, 04832730739 എന്നീ നമ്പറുകളിലോ വിവരമറിയിക്കണമെന്ന് ചൈൽഡ് ലൈൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow by Email
WhatsApp