കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി താനൂര്‍ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിലേക്കും ഗ്രന്ഥശാലകളിലേക്കുമുള്ള പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. അറിവാണ് സമ്പത്തെന്നും ഇതിനെ പൂര്‍ണമായി അംഗീകരിക്കുന്ന സര്‍ക്കാറാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി പറഞ്ഞു. പുതുതലമുറയെ അറിവിൻ്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ വായന കൊണ്ട് കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എംഎല്‍എ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 3 ലക്ഷം രൂപയുട ചെലവഴിച്ച് വാങ്ങിയ പുസ്തകങ്ങളാണ് വിതരണം ചെയ്തത്.
ചടങ്ങില്‍ താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എം മല്ലിക അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വടക്കേയില്‍ ബാപ്പു ഉപഹാരസമര്‍പ്പണം നടത്തി. താനാളൂര്‍ ഗ്രാമ വൈസ് പ്രസിഡൻ്റ് വി അബ്ദുല്‍ റസാഖ്, സ്ഥിരം സമിതി അധ്യക്ഷന്‍ പി സതീശന്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി. നാസര്‍, താനൂര്‍ നഗരസഭ കൗണ്‍സിലര്‍ സുചിത്ര സന്തോഷ്, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ ടി ശശി, ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് അംഗം സുലൈമാന്‍ കോടനിയില്‍, ഒഴൂര്‍ ഫ്രണ്ട്‌സ് ഗ്രന്ഥാലയം സെക്രട്ടറി പി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

